എന്തൊരു അടി, ആറ് പന്തും സിക്‌സ് പറത്തി ഇഫ്തിഖര്‍! അതും ഷെയ്ന്‍ വാട്‌സണെ വിറപ്പിച്ച വഹാബ് റിയാസിനെതിരെ- വീഡിയോ

0
291

ക്വെറ്റ: പാകിസ്ഥാന്‍ വെറ്ററന്‍ പേസര്‍ വഹാബ് റിയാസിനെതിരെ ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടി ഇഫ്തിഖര്‍ അഹമ്മദ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി നടന്ന ക്വെറ്റ് ഗ്ലാഡിയേറ്റേഴ്‌സ്- പെഷവാര്‍ സാല്‍മി പ്രദര്‍ശന മത്സരത്തിലായിരുന്നു സംഭവം. പെഷവാറിനായി വഹാബ് എറിഞ്ഞ ഇന്നിംഗ്‌സിലെ അവസാന ഓവറിലാണ് ആറ് സിക്‌സുകള്‍ പിറന്നത്. അതുവരെ മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത വഹാബ് മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.

എന്നാല്‍ അവസാന ഓവറില്‍ എല്ലാം മാറിമറിഞ്ഞു. ടോസ് നേടിയ പെഷവാര്‍ സാല്‍മി ക്യാപ്റ്റന്‍ ബാബര്‍ അസം, ഗ്ലാഡിയേറ്റേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വഹാബ് പന്തെറിയാനെത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെന്ന നിലയിലായിരുന്നു ഗ്ലാഡിയേറ്റേഴ്സ്. ഓവര്‍ അവസാനിച്ചപ്പോള്‍ അഞ്ചിന് 184 റണ്‍സിലെത്തി അവര്‍. ക്വെറ്റയിലെ നവാബ് അക്ബര്‍ ഖാന്‍ ബഗ്ട്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇഫ്തിഖറിന്റെ ബാറ്റിംഗ് കാണാം…

ഇഫ്തിഖര്‍ 50 പന്തില്‍ 94 റണ്‍സാണ് അടിച്ചെടുത്തത്. 42 പന്തില്‍ ഫിഫ്റ്റി നേടിയ താരം പിന്നീട് എട്ട് പന്തിലാണ് 44 റണ്‍സിലേക്കെത്തിയത്. ആദ്യ സിക്സ് സ്‌ക്വയര്‍ ലെഗ്ഗിലായിരുന്നു. രണ്ടാം പന്തില്‍ സ്ട്രെയ്റ്റ് സിക്സും മൂന്നാം പന്തില്‍ ബൗളര്‍ക്ക് തലക്ക് മുകളിലൂടെ സിക്സും പറത്തി. നാലാം പന്ത് എറൗണ്ട് ദി വിക്കറ്റിലെറിഞ്ഞ വഹാബിനെ കവര്‍ ബൗണ്ടറിയിലൂടെയാണ് ഇഫ്തിഖര്‍ സിക്സര്‍ പറത്തിയത്. അഞ്ചാം പന്ത് തേര്‍ഡ് മാനിലൂടെയാണ് സിക്സര്‍ പറത്തിയത്. അവസാന പന്തും തേര്‍ഡ് മാന്‍ ബൗണ്ടറിയിലൂടെയാണ് സിക്സര്‍ പറത്തിയത്.

37കാരനായ വഹാബ് അടുത്തകാലത്തൊന്നും പാകിസ്ഥാന് വേണ്ടി കളിച്ചിട്ടില്ല. 2020 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെ ടി20 മത്സരത്തിലാണ് അവസാനമായി കളിച്ചത്. വഹാബ് പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയായി ചുമതലയേല്‍ക്കുമെന്നുള്ള വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് പ്രവിശ്യയുടെ കായിക വകുപ്പിന്റെ താല്‍ക്കാലിക ചുമതല റിയാസിന് നല്‍കുകയാണെന്ന് ഇടക്കാല മുഖ്യമന്ത്രി മോഹ്സിന്‍ നഖ്വി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here