രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട് ഫോൺ ഉപയോ​ഗം; ‌യുവതിക്ക് കാഴ്ച നഷ്ടമായി, ചികിത്സയിലൂടെ വീണ്ടെടുത്തു

0
304

ഹൈദരാബാദ്: രാത്രിയിലെ ഫോൺ ഉപയോ​ഗം കാരണം ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ച യുവതിയുടെ കാഴ്ച ശക്തിയാണ് നഷ്ടപ്പെട്ടതെന്ന് ഡോക്ടർമാരെ ഉ​ദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഹൈദരാബാദിൽ പ്രാക്ടീസ് ചെയ്യുന്ന ന്യൂറോളജിസ്റ്റായ ഡോ. സുധീറാണ് വിവരം ട്വിറ്ററിൽ കുറിച്ചത്. രാത്രിയിൽ ഇരുട്ടുമുറിയിൽ സ്‌മാർട്ട്‌ഫോൺ നോക്കുന്നത് പതിവാക്കിയ 30 കാരിയായ യുവതിക്ക് കാഴ്ച പ്രശ്നങ്ങളുണ്ടായതായി അദ്ദേഹം കുറിച്ചു. മഞ്ജു എന്ന യുവതിക്കാണ് രോ​ഗമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടയ്ക്കിടെ കാഴ്ചക്കുറവ്, വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുമായാണ് യുവതി എത്തിയതെന്നും വൈദ്യപരിശോധനയ്ക്ക് വിധേയയായപ്പോ സ്‌മാർട്ട്‌ഫോൺ വിഷൻ സിൻഡ്രോം (എസ്‌വിഎസ്) കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടിൽ കൂടുതൽ സമയം ഫോണിൽ ചിലവഴിക്കുന്ന ശീലമാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർ പറയുന്നു. ഒന്നര വർഷമായി യുവതി പതിവായി ഇരുട്ടിൽ ഫോണിൽ നോക്കുന്നു. കുട്ടിയെ പരിപാലിക്കുന്നതിനായി യുവതി ബ്യൂട്ടീഷ്യൻ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. രാത്രിയിൽ 2 മണിക്കൂർ ഉൾപ്പെടെ ദിവസേന നിരവധി മണിക്കൂർ സ്മാർട്ട്ഫോണിൽ ബ്രൗസ് ചെയ്യുന്ന ശീലം യുവതിക്കുണ്ടായിരുന്നെന്നും ഡോക്ടർ കുറിച്ചു.

എന്നാൽ കൃത്യമായ ചികിത്സക്ക് ശേഷം യുവതിക്ക് കാഴ്ച തിരിച്ചുകിട്ടിയെന്നും ഡോക്ടർ കുറിച്ചു. മരുന്നിനൊടൊപ്പം സ്ക്രീൻ സമയം കുറയ്ക്കാൻ ആവശ്യപ്പെട്ടു. ഒരു മാസത്തെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. സ്‌മാർട്ട്‌ഫോൺ വിഷൻ സിൻഡ്രോം (എസ്‌വിഎസ്), കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്നിവ ഭാഗികമായോ പൂർണമായോ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടർ വ്യക്തമാക്കി.

മൊബൈൽ അനലിറ്റിക്‌സ് സ്ഥാപനമായ data.ai റിപ്പോർട്ട് പ്രകാരം 2020-ൽ 4.5 മണിക്കൂറും 2019-ൽ 3.7 മണിക്കൂറും ആയിരുന്ന ഇന്ത്യയിലെ ശരാശരി സ്‌മാർട്ട്‌ഫോൺ ഉപഭോഗ ദൈർഘ്യം 2021-ൽ പ്രതിദിനം 4.7 മണിക്കൂറായി വർധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here