തുർക്കി – സിറിയ ഭൂചലനം: മരണം 1200 കടന്നു

0
173

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ കുതിച്ച് ഉയര്‍ന്ന് മരണസംഖ്യ. വൈകിട്ട് 4.30വരെ മരിച്ചവരുടെ എണ്ണം 1200 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ഭരണകൂടം പറയുന്നത്. തുര്‍ക്കിയും സിറിയയും ലോകരാജ്യങ്ങളോട് സഹായം തേടിയിട്ടുണ്ട്. തുര്‍ക്കിക്കും സിറിയക്കും സഹായം നല്‍കാന്‍ തയാറാണെന്ന് ഇന്ത്യ വ്യക്തമാക്കി. ദുരന്തത്തെ നേരിടാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിലൂടെ വ്യക്തമാക്കി.

തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതും നാശനഷ്ടങ്ങളും വേദനാജനകമാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖഃത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ ദുരന്തത്തെ നേരിടാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സഹായം അഭ്യര്‍ത്ഥിച്ചുള്ള തുര്‍ക്കി പ്രസിഡന്റ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ട്വീറ്റ് ചെയര്‍ ചെയ്തുകൊണ്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ടു ബറ്റാലിയനുകളും പ്രത്യക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകളും ദുരിതാശ്വാസ സാമഗ്രികളും ഭക്ഷണ സാധനങ്ങളും മെഡിക്കല്‍ ടീമമായി ഏയര്‍ഫോഴ്‌സിന്റെ വിമാനം തുര്‍ക്കിയിലേക്ക് തിരിക്കും.

ഭൂചലനത്തില്‍ തുര്‍ക്കിയില്‍ മാത്രം 912പേര്‍ മരിച്ചായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. തുര്‍ക്കിയിലെ പ്രമുഖ നഗരങ്ങളെല്ലാം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രണമേഖലകളില്‍ 326 പേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ കണക്ക്.

തുര്‍ക്കി നഗരമായ ഗാസിയാതപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 20 ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്.
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. 16 തുടര്‍ചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. 1999-ല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ആ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഒരു വലിയ ഭൂകമ്പം ഇസ്താംബൂളിനെ നശിപ്പിക്കുമെന്ന് വിദഗ്ധര്‍ പണ്ടേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. സുരക്ഷാ മുന്‍കരുതലുകളില്ലാതെ വ്യാപകമായ കെട്ടിടം നിര്‍മ്മാണം അപകടം വിളിച്ചുവരുത്തുന്നുണ്ട്.

2020 ജനുവരിയില്‍ ഇലാസിഗില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അന്ന് 40-ലധികം പേര്‍ മരിച്ചു. ആ വര്‍ഷം ഒക്ടോബറില്‍, ഈജിയന്‍ കടലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അതില്‍ 114 പേര്‍ കൊല്ലപ്പെടുകയും 1,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here