ഭൂചലനം ജീവനെടുത്ത അമ്മയുടെ ഓർമ്മയ്ക്ക്…; ഒടുവിൽ അവളെ ദത്തെടുത്തു

0
188

അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്രയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേ‍ർപ്പെട്ടിരുന്നില്ല.  പിറന്നപ്പോഴേ മാതാപിതാക്കളെയും സഹോദരങ്ങളെയും അവൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു…ഭൂകമ്പത്തിന്റെ ദുരന്തത്തിനിടയിലും പ്രതീക്ഷയുടെ മറുവാക്കായി പിറന്ന അവൾക്ക് ദൈവത്തിന്റെ അടയാളം എന്നർത്ഥം വരുന്ന ‘അയ’ എന്ന് ആശുപത്രി അധികൃതർ പേരുമിട്ടു.

ദുരിതങ്ങളുടെ നടുവിലേക്ക് പിറന്നുവീണ അവളെ ഒടുവിൽ മാതൃസഹോദരിയും ഭർത്താവും ഔദ്യോഗികമായി ദത്തെടുത്തു. ഡിഎൻഎ പരിശോധനയിൽ രക്തബന്ധത്തിലുള്ള ആളാണെന്ന് വ്യക്തമായതോടെയാണ് നടപടികൾ പൂർത്തിയാക്കി കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. കുട്ടി ആരോ​ഗ്യവതിയായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

കുഞ്ഞിനെ ഏറ്റെടുത്ത ഖലീൽ അൽ-സവാദിയും ഭാര്യയും അവളുടെ അമ്മയുടെ ഓർമ്മയ്ക്കായി ‘അഫ്ര’ എന്ന് പേരുമിട്ടു.

‘അവളിപ്പോൾ ഞങ്ങളുടെ കുട്ടികളിൽ ഒരാളാണ്. എന്റെ മക്കളേക്കാൾ അവളെനിക്ക് പ്രിയപ്പെട്ടവളായിരിക്കും, കാരണം അവളുടെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ഓർമ്മ അവൾ നിലനിർത്തും’, ഖലീൽ പറയുന്നു.

കോണ്‍ക്രീറ്റ് കൂമ്പാരത്തിനടിയില്‍ പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെയും കോരിയെടുത്ത് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കോടുന്ന വീഡിയോ വൈറലായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന സമയത്ത് ഖലീലും സംഭവ സ്ഥലത്തുണ്ടായിരുന്നു.

കുഞ്ഞിനെ ദത്തെടുക്കാൻ തയ്യാറായി വിവിധ ഭാ​ഗങ്ങളിൽ നിന്ന് ആളുകളെത്തിയത് നന്ദിപൂർവ്വം ഓർക്കുന്നുണ്ടെങ്കിലും ആശുപത്രിയിലുണ്ടായിരുന്ന രണ്ടാഴ്ചയോളം കുട്ടിയെ ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയമായിരുന്നുവെന്നും ഖലീൽ പറയുന്നു. ഭൂകമ്പത്തിൽ ഖലീലിന്റെയും വീട് നഷ്ടപ്പെട്ടു.  മൂന്ന് ദിവസങ്ങൾക്ക് ഇവർക്ക് ഒരു പെൺകുഞ്ഞും പിറന്നിരുന്നു.

ദുരിതങ്ങൾക്കിടയിലും കുഞ്ഞ് അഫ്രയ്ക്ക് ഏറ്റവും മികച്ചയിടം തങ്ങൾക്കൊപ്പമായിരിക്കുമെന്നും ഖലീൽ പറയുന്നു. കുടുംബത്തിലെ അച്ഛനും അമ്മയും നാല് സഹോദരങ്ങളെയും അടക്കമാണ് അഫ്രയ്ക്ക് നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here