ന്യൂഡല്‍ഹി: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി അനുമതി. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ പ്രാഥമിക ഘട്ടമായതിനാല്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
എതിര്‍ സ്ഥാനാര്‍ത്ഥി കെ.പി.എം. മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പില്‍ 348 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.എം. മുസ്തഫ തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖ ലംഘിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍ നടന്നത് എന്നതായിരുന്നു ഹര്‍ജിയിലെ ആരോപണം.
എന്നാല്‍ മാര്‍ഗരേഖാ ലംഘനത്തിന് തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് നജീബ് കാന്തപുരത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയും അഭിഭാഷകന്‍ ഹാരിസ് ബീരാനും വാദിച്ചു. മാര്‍ഗരേഖാ ലംഘനം മാത്രമല്ല, വോട്ടെണ്ണലിലെ ക്രമക്കേടും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കെ.പി.എം. മുസ്തഫയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ്ങും അഭിഭാഷകരായ ഇ.എം.എസ്. അനാമും എം.എസ്. വിഷ്ണു ശങ്കറും വാദിച്ചു.
തുടര്‍ന്നാണ് കേസില്‍ വിചാരണ ഉണ്ടാകാതെ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷച്ചത്. ഇതേത്തുടര്‍ന്ന് നജീബ് കാന്തപുരം ഹര്‍ജി പിന്‍വലിച്ചു. മാര്‍ഗരേഖ സംബന്ധിച്ച വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിചാരണയില്‍ ഉന്നയിക്കാന്‍ നജീബ് കാന്തപുരത്തിന് അവകാശമുണ്ടാക്കിയിരിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിന്റെ നിയമ സാധുതയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പടുവിച്ച വിധിയിലെ പരാമര്‍ശങ്ങള്‍ ഇതിന് തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.