കോഴിക്കോട്: കാത്തിരിപ്പിനൊടുവിൽ സിയ അമ്മയായി, സഹദ് അച്ഛനും. സ്വന്തം കുഞ്ഞെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ട്രാൻസ് പങ്കാളികളായ സിയയും സഹദും.
കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സഹദ് കുഞ്ഞിന് ജന്മം നൽകിയത്. ഏറെക്കാലമായി സിയ മനസ്സിൽ താലോലിച്ചിരുന്ന സ്വപ്നമായിരുന്നു താലോലിക്കാൻ ഒരു കുഞ്ഞെന്നത്. ബ്രെസ്റ്റ് റിമൂവ് ചെയ്ത് ട്രാന്‍സ്‌മെന്‍ ആവാനുള്ള തയ്യാറെടുപ്പിനിടയിലും സിയയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാൻ സഹദ് ഗർഭം ധരിക്കുകയായിരുന്നു.
ഇതുവരെ കുഞ്ഞിനെ വയറ്റിൽ ചുമന്ന് അമ്മയായി ഇനിയുളള കാലം ഞാൻ അച്ഛനാണ്. ഇരട്ടി സന്തോഷത്തിലാണ് സഹദ്. അമ്മേ എന്ന് വിളിക്കാൻ മാറോടണച്ച് താലോലിക്കാൻ കുഞ്ഞ് വന്നതിന്റെ സന്തോഷത്തിലാണ് സിയ.
ജാതിയുടേയോ മതത്തിന്റേയോ ലിംഗത്തിന്റേയോ അതിർ വരമ്പുകൾ ഇല്ലാതെ കുഞ്ഞിനെ വളർത്തണം, അതു കൊണ്ട് തത്കാലം കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തുന്നില്ലെന്നാണ് സിയയുടേയും സഹദിന്റേയും തീരുമാനം.
കോഴിക്കോട് സ്വദേശിയായ സിയ നര്‍ത്തകിയും നൃത്താധ്യാപികയുമാണ്. സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായ സഹദ് ചികിത്സ തുടങ്ങിയതുമുതല്‍ ഒരു വര്‍ഷത്തിലേറെയായി അവധിയിലാണ്. തിരുവനന്തപുരത്താണ് സഹദിന്റെ വീട്.
സ്വത്വം തിരിച്ചറിഞ്ഞതോടെ വീട് വിട്ടിറങ്ങിയവരാണ് ഇരുവരും. കോഴിക്കോട്ടെത്തിയ സഹദ് ഇവിടെവെച്ചാണ് സിയയെ പരിചയപ്പെടുന്നത്. ഇപ്പോള്‍ സഹദിന്റെ വീട്ടുകാര്‍ ഇവര്‍ക്ക് എല്ലാ സഹകരണവും നല്‍കുന്നുണ്ട്.
ട്രാന്‍സ്‌വുമണായി ലിംഗമാറ്റത്തിനുള്ള ചികിത്സകള്‍ സിയ ഈയിടെ പുനരാരംഭിച്ചു. പ്രസവം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞാല്‍ സഹദും ട്രാന്‍സ്മാന്‍ ആവാനുള്ള ചികിത്സകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സഹദിന് 23 വയസ്സായി, സിയയ്ക്ക് 21-ഉം.