ഗവര്‍ണ്ണറെ പ്രീതിപ്പെടുത്താന്‍ 30 ലക്ഷം രൂപാ യാത്രാക്കൂലി അധികം നല്‍കി സര്‍ക്കാര്‍

0
319

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ വിമാനയാത്രാ ചിലനായി 30 ലക്ഷം അധികം അനുവദിച്ച സര്‍ക്കാര്‍ നടപടി വിവാദമാകുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചാണ് ഗവര്‍ണ്ണര്‍ക്ക് യാത്രാക്കൂലിയായി 30 ലക്ഷം രൂപ അധികം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലം 25 ലക്ഷം രൂപയില്‍ കൂടുതലുള്ള എല്ലാ ട്രഷറി ക്രയവിക്രയങ്ങളും സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. എന്നിട്ടും ഗവര്‍ണ്ണറെ പ്രീതിപ്പെടുത്താനായി അദ്ദേഹം ചോദിച്ചയാത്രാക്കൂലി സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.

2021-ല്‍ 82 ദിവസത്തോളം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണറുടെ അമിത വിമാന യാത്ര ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭവന്‍ ഇടപെട്ടിരുന്നു. ഒരു മാസത്തില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന് പുറത്തു പോകരുതെന്നാണ് ചട്ടം. എന്നാല്‍ താന്‍ രേഖകളെല്ലാം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ചട്ടം പാലിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാദിച്ചത്. 2022 മാര്‍ച്ച് മാസത്തില്‍ 19 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണര്‍, ജൂണിലും ആഗസ്റ്റിലും 17 ദിവസം വീതം യാത്രയ്ക്കായി മാറ്റിവെച്ചു. യാത്രകളില്‍ കൂടുതലും ഡല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കുമാണ്. 2021-ലും സമാനമായ രീതിയില്‍ പല മാസങ്ങളിലും അനുവദനീയമായ ദിവസങ്ങളില്‍ കൂടുതല്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന് പുറത്തായിരുന്നു.

2022 ഡിസംബര്‍ 30 ന് ഗവര്‍ണറുടെ അനുവദനീയമായ പരിധികഴിഞ്ഞുള്ള വിമാനയാത്രക്ക് ചെലവായ 30 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ പോരാട്ടം രൂക്ഷമായത് കൊണ്ട് പൊതു ഭരണവകുപ്പ് ഗവര്‍ണ്ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ കത്തില്‍ തിരുമാനമെടുത്തിരുന്നില്ല. എന്നാല്‍ ജനുവരി ഒമ്പതായപ്പോഴേക്കും സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. ഇതോടെ പൊതുഭരണവകുപ്പ് ധനവകുപ്പിന് കത്ത് കൈമാറി. എന്നാല്‍ കത്തടങ്ങുന്ന ഫയലില്‍ ഒപ്പിടാന്‍ ധനാകാര്യമന്ത്രി കെ എ്ന്‍ ബാലഗോപാല്‍ തെയ്യാറായില്ല. പിന്നീട് ഗവര്‍ണ്ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്ത് തീര്‍പ്പിലായതോടെയാണ് ധനമന്ത്രി ഫയലില്‍ ഒപ്പിട്ടത്.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തീരുന്നതിനിടെ ജനുവരി 9 ന് പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പ് ധനവകുപ്പിന് ഫയല്‍ കൈമാറി. ധന എക്സ് പെന്‍ഡിച്ചര്‍ വിംഗ് ഗവര്‍ണറുടെ ആവശ്യം പരിശോധിച്ച് ഫയല്‍ ധനമന്ത്രി ബാലഗോപാലിന് കൈമാറി. ഗവര്‍ണറുടെ അപ്രീതിക്ക് പാത്രമായ ധനമന്ത്രി ബാലഗോപാല്‍ ഫയലില്‍ ഒപ്പിടാന്‍ മടിച്ചു.

ജനുവരി 24 ന് എക്സ്പെന്‍ഡിച്ചര്‍ വിംഗ് ഗവര്‍ണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാന്‍ അധിക ഫണ്ട് വേണമെന്ന് ബജറ്റ് വിംഗിനോട് ആവശ്യപ്പെട്ടു. ഇതിനോടകം കാശ്മീരില്‍ നിന്നും കൊണ്ട് വന്ന കാശ്മീരി ബ്രഡും കുങ്കുമ തേയിലയും മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ഗവര്‍ണ്ണര്‍ സമ്മനമായി നല്‍കുകയും ഇതോടെ ഇരുവരും തമ്മിലുള്ള മഞ്ഞരുകുകയും ചെയ്തു .അതോടൊപ്പം വിമാന യാത്രക്ക് ചെലവായ തുക അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയും ഗവര്‍ണര്‍ നടത്തി. എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നല്‍കി.

എന്നാല്‍ ബജറ്റ് തയ്യാറാക്കല്‍ പരിപാടി നടക്കുന്നതിനാല്‍ ഫയല്‍ ബജറ്റ് വിംഗില്‍ നിന്ന് പാസായില്ല. ഫെബ്രുവരി 3 ന് ബജറ്റ് അവതരിപ്പിച്ചതിനു ശേഷമാണ് തുക അനുവദിക്കാനുള്ള ഫയലില്‍ ബാലഗോപാല്‍ ഒപ്പിട്ടത്. തുടര്‍ന്ന് ഫെബ്രുവരി 7 ന് തുക അനുവദിച്ച ഉത്തരവ് ധന ബജറ്റ് വിംഗില്‍ നിന്നിറങ്ങി. 4000 കോടിയുടെ അധിക നികുതി ജനങ്ങളില്‍ അടിച്ചേല്‍പിച്ചതിനു ശേഷം ഗവര്‍ണര്‍ക്ക് വിമാനയാത്രക്ക് 30 ലക്ഷം അനുവദിച്ച ബാലഗോപാലിന്റെ നടപടി ഇതോടെ വിവാദത്തിലാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here