അയോധ്യയിലെ രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകർക്കുമെന്ന് ഭീഷണി, ആളെത്തേടി പൊലീസ്

0
260

അയോധ്യ: അയോധ്യയിൽ നിർമാണത്തിലിരിക്കുന്ന രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. രാംകോട്ട് സ്വദേശിയായ മനോജ് എന്നയാൾക്കാണ് ഫോണിൽ ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ചത് ഇയാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10മണിക്ക് ക്ഷേത്ര കോംപ്ലക്സ് ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. വിവരം ലഭിച്ചയുടൻ പൊലീസ് സുരക്ഷ ശക്തമാക്കി. ക്ഷേത്ര പരിസരത്ത് കൂടുതൽ സുരക്ഷാ ജീവനക്കാരെ വിന്യസിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഫോൺ വിളിയിച്ചയാൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയെന്നും രാമജന്മഭൂമി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സഞ്ജീവ് കുമാർ സിങ് പറഞ്ഞു.

രാമക്ഷേത്രത്തിലെ വിഗ്രഹം നിര്‍മിക്കാനായി സാളഗ്രാമം നേപ്പാളില്‍ നിന്നെത്തിച്ചു. ഗണ്ഡകി നദിയില്‍ നിന്ന് വീണ്ടെടുത്ത ആറുകോടി വര്‍ഷം പഴക്കമുള്ള രണ്ട് സാളഗ്രാമ ശിലകളാണ് ശ്രീരാമ വിഗ്രഹ നിര്‍മാണത്തിനായി എത്തിച്ചത്. വിഷ്ണുചൈതന്യം കുടികൊള്ളുന്നതെന്ന് വിശ്വസിക്കുന്ന അതിപുരാതന ശിലകളാണ് സാളഗ്രാമങ്ങള്‍. എത്തിച്ച സാളഗ്രാമങ്ങളില്‍നിന്ന് രാംലല്ല വിഗ്രഹം കൊത്തിയെടുത്ത് പുതിയതായി നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ കുടിയിരുത്തും. 26, 14 ടണ്‍ ഭാരമുള്ള ശിലകള്‍ രണ്ട് ട്രക്കുകളിലായാണ് അയോധ്യയില്‍ എത്തിച്ചത്. അടുത്ത വര്‍ഷം ജനുവരിയോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here