കുഞ്ഞ് മൂത്ര​മൊഴിച്ചതിന് വഴക്ക്: ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ഭർത്താവ് അറസ്റ്റിൽ

0
370

കോട്ടക്കൽ: കുഞ്ഞ് മൂത്ര​മൊഴിച്ചതിനെ ചൊല്ലിയുണ്ടായ വഴക്കിന് പിന്നാലെ ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിച്ചിറ മാറാക്കര മുഴങ്ങാണി മുസ്‍ലിയാരകത്ത് മുജീബിൻറെ മകൾ ഷഫാന(24)യാണ് മരിച്ചത്. വീട്ടുകാരുടെ പരാതിയിൽ ഭർത്താവ് രണ്ടത്താണി സ്വദേശി മുള്ളൻമട അടാട്ടിൽ അർഷാദലിയെ(37)കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടത്താണി മുള്ളൻമടയിലെ ഭർതൃവീട്ടിൽ വെച്ചാണ് ഷഫാന തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഭർത്താവുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് കിടപ്പുമുറിയിൽ കയറി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഈ മാസം നാലിനായിരുന്നു സംഭവം. തുടർന്ന് ഭർത്താവും ബന്ധുക്കളും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് മരണം.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഭർത്താവും ഭർതൃവീട്ടുകാരും ഷഫാനയെ സ്ത്രീധനമടക്കമുള്ള വിഷയത്തിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പൊലീസ് പറയുന്നത് ഇപ്രകാരമാണ്: കഴിഞ്ഞ നാലിന് ഇവരുടെ ഒന്നരവയസുകാരിയായ മകൾ ആലിയ ബത്തുൽ കോണിപ്പടിയിൽ മൂത്രമൊഴിച്ചിരുന്നു. ഇത് അർഷാദലിയുടെ ശരീരത്തിലേക്ക് തെറിച്ചതോടെ ഷഫാനയെ വഴക്കു പറഞ്ഞു. നേരത്തേയും സമാന സംഭവങ്ങൾ ഉണ്ടായിരുന്നു. മരണത്തിലേക്ക് നയിച്ച മറ്റു കാരണങ്ങൾ ഉണ്ടോയെന്നത് അന്വേഷിക്കുകയാണ്. താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നിർദ്ദേശപ്രകാരം എസ്.ഐ അമീറലിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ആമിനയാണ് ഷഫാനയുടെ മാതാവ്. ഷാഹിന, സുഹൈൽ എന്നിവർ സഹോദരങ്ങാണ്.

LEAVE A REPLY

Please enter your comment!
Please enter your name here