കണ്ണിന് എന്തെങ്കിലും വിധത്തിലുള്ള ചെറിയ പ്രശ്നങ്ങളോ, കാഴ്ചാതകരാറുകളോ നേരിടുന്നവര്‍ ഏറെയാണ്. പ്രത്യേകിച്ച് സ്ക്രീൻ സമയം കൂടുതലെടുക്കുന്ന ഇന്ന് അധികപേര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാമുണ്ട്. അതിനാല്‍ തന്നെ ധാരാളം പേര്‍ കണ്ണട, കോണ്ടാക്ട് ലെൻസ് എന്നിവയെ ആശ്രയിക്കുന്നുമുണ്ട്.
ഇവരെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു സംഭവമാണിനി പങ്കുവയ്ക്കുന്നത്. കോണ്ടാക്ട് ലെൻസ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നൊരു യുവാവിന് സംഭവിച്ച അപകടമാണ് സംഗതി.
യുഎസിലെ ഫ്ളോറിഡ സ്വദേശിയാണ് മൈക്ക് ക്രമോള്‍സ്. ഏഴ് വര്‍ഷമായി മൈക്ക് കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുന്നു. കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുന്നവര്‍ക്കറിയാം, ഉറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഇത് കണ്ണില്‍ നിന്ന് ഇളക്കിമാറ്റിയിട്ട് വേണം കിടക്കാൻ. അല്ലാത്തപക്ഷം കണ്ണിന് അണുബാധകള്‍ വരാനും മറ്റ് പ്രയാസങ്ങള്‍ നേരിടാനുമെല്ലാം സാധ്യതയുണ്ട്.
ഇത്തരത്തില്‍ ലെൻസ് കണ്ണില്‍ നിന്ന് മാറ്റിവയ്ക്കേണ്ടപ്പോള്‍ മാറ്റി വയ്ക്കാതിരിക്കുന്നത് മൂലം കണ്ണില്‍ അണുബാധകളുണ്ടാകുന്നത് മൈക്കിന് പുതുമയല്ല. എന്നാലിക്കുറി കണ്ണിന് അലര്‍ജി വന്നപ്പോള്‍ അത് നിസാരമല്ലെന്ന് മൈക്കിന് തോന്നി. അങ്ങനെ നേത്രരോഗ വിദഗ്ധരുടെ അടുത്ത് പോയി. ആദ്യമൊന്നും ഡോക്ടര്‍മാര്‍ക്ക് മൈക്കിന്‍റെ കണ്ണിന് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല.
എന്നാല്‍ അഞ്ച് ഒപ്താല്‍മോളജിസ്റ്റുകളെയും രണ്ട് കോര്‍ണിയ സ്പെഷ്യലിസ്റ്റുകളെയും കണ്ട ശേഷമാണ് കണ്ണിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായത്. കോണ്ടാക്ട് ലെൻസ് ഊരിവയ്ക്കാതെ ഉറങ്ങിയതിന് പിന്നാലെ മാംസം ഭക്ഷിക്കുന്ന ഒരു പാരസൈറ്റ് കണ്ണില്‍ തമ്പടിക്കുകയും അത് കണ്ണിനകത്തെ ദശ ഭക്ഷിച്ചത് മുഖാന്തിരം കണ്ണിന് സാരമായ പരുക്കേല്‍ക്കുകയുമായിരുന്നുവത്രേ.
എന്തായാലും പാരസൈറ്റിന്‍റെ ആക്രമണമേറ്റ വലതുകണ്ണിന്‍റെ കാഴ്ച മൈക്കിന് നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോഴുള്ളത്. ഒരു സര്‍ജറി ഇതിനോടകം ചെയ്തു. ചെലവേറിയ ചികിത്സയ്ക്ക് പണം കണ്ടെത്താൻ സഹായമഭ്യര്‍ത്ഥിക്കുന്നതിനൊപ്പം കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ഈ വിഷയത്തില്‍ അവബോധമുണ്ടാക്കുക കൂടി ചെയ്യുകയാണ് മൈക്ക്.