അഫ്ഗാനിസ്ഥാനിൽ ഗർഭനിരോധന ഉറകൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ

0
208

ഗർഭനിരോധന ഉറകളുടെ വിൽപ്പന താലിബാൻ നിരോധിച്ചു. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് വിൽപ്പന താലിബാൻ നിരോധിച്ചത്. കാബൂൾ, ബാൽഖ് പ്രവിശ്യകളിലാണ് ഗർഭനിരോധന ഉറകൾ വിൽക്കുന്നത് താലിബാൻ നിരോധിച്ചിരിക്കുന്നത്. ഈ പ്രവിശ്യകളിലെ ഫാർമസികളിൽ ഗർഭനിരോധന ഉറകൾ വിൽക്കാനോ സ്റ്റോക്ക് ചെയ്ത് വയ്ക്കാനോ പാടില്ലെന്നാണ് താലിബാന്റെ ഉത്തരവ്. ഗർഭനിരോധനത്തിനായി ഉപയോ​ഗിക്കുന്ന ഗുളികകളോ കോണ്ടമോ വിൽക്കരുതെന്നും ശരിയത്ത് നിയമപ്രകാരം അത് ഹറാമാണെന്നും ആണ് താലിബാൻ ഉദ്യോഗസ്ഥർ കാബൂളിലെയും മസാർ-ഇ-ഷെരീഫിലെയും ഫാർമസികളോടും മെഡിക്കൽ ഷോപ്പ് ഉടമകളോടും കൽപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഇതുവരെയും താലിബാന്റെ പൊതുജനാരോഗ്യ മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

താലിബാന്റെ വിലക്ക് വന്ന സാഹചര്യത്തിൽ, ഫാർമസികൾ ഗർഭനിരോധന ഉറകളുടെയും മരുന്നുകളുടെയും വില ഇരട്ടിയാക്കി കഴിഞ്ഞു എന്നാണ് അഫ്​ഗാനിലെ സ്തീകൾ പറയുന്നത്. താലിബാന്റെ ഈ തീരുമാനം വ്യക്തിപരമായ തിരഞ്ഞെടുപ്പ് നടത്താനുള്ള സ്ത്രീകളുടെ അവകാശത്തെ ലംഘിക്കുന്നതാണെന്നും, കുട്ടികളെ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള കുടുംബങ്ങളുടെ അവകാശത്തെ ലംഘിക്കുന്നതാണെന്നുമാണ് പൊതുവിൽ ഉയരുന്ന വിമർശനം. അതേസമയം, സ്ത്രീകൾ ഇരട്ടി വിലകൊടുത്ത് മരുന്നുകൾ വാങ്ങുന്നുവെന്നാണ് പറയുന്നത്.

​ഗർഭനിരോധനത്തിനുളള മരുന്നുകളും ഉറകളും ഇറക്കുമതി ചെയ്യുന്നത് താലിബാൻ നിർത്തിയതായി കാബൂൾ നഗരത്തിലെ ഫാർമസിസ്റ്റുകൾ റുക്ഷാന മീഡിയയോട് പറഞ്ഞു. 20 ദിവസം മുമ്പാണ് താലിബാൻ എല്ലാത്തരം ഗർഭനിരോധന ഉറകളും കാബൂളിലും ബാൽഖ് പ്രവിശ്യകളിലും നിരോധിച്ചതെന്ന് ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. തോക്കുകളുമായി കടകൾ കയറി ഇറങ്ങിയ താലിബാൻ സൈന്യം ഫാർമസികളിലുണ്ടായിരുന്ന ഗർഭനിരോധന ഉറകളും മരുന്നുകളും പിടിച്ചെടുക്കുകയും ഇനി മരുന്നുകൾ ഇറക്കുമതി ചെയ്യരുതെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കടയുടമകൾ കൂട്ടിച്ചേർത്തു.

മുൻ സർക്കാരിന്റെ കീഴിൽ, അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലിലൂടെ അഫ്ഗാനിസ്ഥാനിൽ വ്യാപകമായി ഗർഭനിരോധന മാർഗ്ഗങ്ങൾ ലഭ്യമായിരുന്നു. കുട്ടിയ്ക്ക് ജന്മം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കുടുംബങ്ങൾക്ക് അവകാശമുണ്ടായിരുന്നു. കൂടാതെ, പൊതുജനാരോഗ്യ മന്ത്രാലയം സർക്കാർ മെഡിക്കൽ സെന്ററുകളിൽ സൗജന്യമായി സ്ത്രീകൾക്ക് ഗർഭനിരോധന ഉറകൾ വിതരണം ചെയ്തിരുന്നു. മാതൃമരണനിരക്ക് കുറയ്ക്കുക എന്നതായിരുന്നു സർക്കാരിൻ്റെ ലക്ഷ്യം. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) 2022ലെ റിപ്പോർട്ട് അനുസരിച്ച്, ഏഷ്യയിലെ ഏറ്റവും ഉയർന്ന മാതൃമരണ നിരക്ക് അഫ്ഗാനിസ്ഥാനിലാണ്. അഫ്ഗാനിസ്ഥാനിൽ 100,000 അമ്മമാരിൽ 638 അമ്മമാർ പ്രസവസമയത്ത് മരിക്കുന്നു എന്നത് ഏറെ ഞെട്ടലുളവാക്കിയ റിപ്പോർട്ടായിരുന്നു. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷമുളള വലിയ കുതിപ്പായിരുന്നു ഇത്. താലിബാൻ അധികാരത്തിൽ എത്തുന്നതിന് മുൻപ് 100,000 അമ്മമാരിൽ 394 അമ്മമാരും പ്രസവസമയത്ത് മരിച്ചിരുന്നു.

താലിബാൻ അധികാരത്തിൽ എത്തിയതിന് ശേഷം, പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം അവസാനിപ്പിക്കുകയും, സർവകലാശാലകൾ അടച്ചുപൂട്ടുകയും, സ്ത്രീകളെ ജോലിയിൽ നിന്ന് പുറത്താക്കുകയും, സ്ത്രീകൾക്ക് വീടിന് പുറത്തിറങ്ങാനുള്ള അവകാശത്തെ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമുളള സ്ത്രീകളുടെ അവകാശങ്ങൾക്ക് നേരെയുള്ള താലിബാന്റെ ഏറ്റവും പുതിയ ആക്രമണമാണിത്. ദുർബലമായ ആരോഗ്യസംരക്ഷണ സംവിധാനമുള്ള ഒരു രാജ്യത്ത് ഗർഭനിരോധന മാർഗ്ഗങ്ങൾ നിയന്ത്രിക്കുന്നത് കാര്യമായ പ്രഹരം ഏൽപ്പിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അടക്കമുളളവർ പറയുന്നത്.14 അഫ്ഗാൻ സ്ത്രീകളിൽ ഒരാൾ ഗർഭധാരണവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിക്കുന്ന രാഷ്ട്രമാണ് അഫ്ഗാൻ. സ്ത്രീകൾക്ക് ജോലി ചെയ്യാനും പഠിക്കാനുമുള്ള മനുഷ്യാവകാശത്തിൽ മാത്രമല്ല, ഇപ്പോൾ അവരുടെ ശരീരത്തിൻമേലും താലിബാൻ കടന്നുകയറുകയാണെന്ന് യുകെയിലെ അഫ്ഗാൻ വംശജയും സാമൂഹിക പ്രവർത്തകയുമായ ഷബ്‌നം നസിമി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here