‘ജനത്തിന് മടുത്തു’, സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയെന്ന് സുപ്രീംകോടതി

0
231

ദില്ലി: രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിലെന്ന് സുപ്രീംകോടതി. സമസ്ത മേഖലകളിലും അഴിമതി തടയാൻ ആരെയെങ്കിലും ഉത്തരവാദികൾ ആക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുക ആയിരുന്നു സുപ്രീംകോടതി.

രാജ്യത്തെ സാധാരണക്കാർ അഴിമതി കാരണം ബുദ്ധിമുട്ടുകയാണ്. ഏതെങ്കിലും സർക്കാർ ഓഫീസിൽ പോയിട്ടുള്ള ആർക്കും ഈ ദുരനുഭവം ഉണ്ടാകും. രാജ്യം പഴയ മൂല്യങ്ങളിലേക്കും സംസ്കാരത്തിലേക്കും മടങ്ങിയാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാവുകയുള്ളുവെന്ന്
ജസ്റ്റിസ്‌ കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

കുറ്റങ്ങൾ ചുമത്തപ്പെട്ടാൽ ഒരാൾക്ക് ചെറിയ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത ഇല്ലെന്നിരിക്കേ, തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കുമെന്നത് പരിശോധിക്കണമെന്ന് ഹർജിക്കാരനായ അശ്വിനി ഉപാധ്യായ ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ്‌ ജോസഫ് പ്രതികരിച്ചു. ഹർജി വിശദവാദത്തിന് ഏപ്രിൽ 10 ലേക്ക് മാറ്റി.

 

LEAVE A REPLY

Please enter your comment!
Please enter your name here