പണി പൂര്‍ത്തിയാക്കിയിട്ടും പണം നല്‍കാതെ വീട്ടുടമ; വേറിട്ട പ്രതിഷേധവുമായി ജോലിക്കാരന്‍

0
278

വീടുപണി സമയത്ത് ചെയ്തു തീര്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. കരാറുകാരും ഉടമസ്ഥരും ഇതിന്റെ പേരില്‍ വാക്കുതര്‍ക്കങ്ങളും പലപ്പോഴുമുണ്ടാകാറുണ്ട്. ചുരുക്കം ചില കേസുകളില്‍ ജോലി പൂര്‍ത്തിയാക്കിയിട്ടും പണം കിട്ടാതെ വരുന്ന അവസ്ഥയും കരാറുകാര്‍ക്ക് വരാറുണ്ട്.

അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ ഓടുപാകുന്ന ജോലി പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നപ്പോള്‍ ടൈലിങ് പണിക്കാരന്‍ വീട്ടുടമയ്‌ക്കെതിരെ നടത്തിയ പ്രതിഷേധമാണ് വൈറലായിരിക്കുന്നത്.സംഭവം നടന്നത് ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്.

അഡ്രിയന്‍ പഡോയിന്‍ എന്നയാളിന്റെ വീടുപണിയാണ് സൈമണ്‍ മക്‌ഫെര്‍സണ്‍ എന്ന വ്യക്തി എട്ടുമാസങ്ങള്‍ക്ക് മുന്‍പ് കരാറെടുത്തത്. പണി പൂര്‍ത്തിയാക്കിയ ശേഷം നാലുലക്ഷം രൂപയാണ് നിര്‍മാണചെലവായി ഇദ്ദേഹത്തിന് വീട്ടുടമ നല്‍കേണ്ടിയിരുന്നത്.

ജോലി തുടങ്ങിയപ്പോഴുള്ള ഡെപ്പോസിറ്റ് തുകയല്ലാതെ സൈമണിന് പണം പിന്നീട് വീട്ടുടമസ്ഥന്‍ നല്‍കിയില്ല. പണം പിന്നീട് തരാമെന്ന് പറഞ്ഞ് വീട്ടുടമസ്ഥന്‍ കാലതാമസം വരുത്തി. ഇങ്ങനെ എട്ടുമാസങ്ങള്‍ കടന്നുപോയിട്ടും വീട്ടുടമസ്ഥന്‍ പണം നല്‍കിയില്ല.

പണം കിട്ടാതെ വന്നതോടെ ഇനിയും പണം നല്‍കിയില്ലെങ്കില്‍ താന്‍ പാകിയ ഓടുകള്‍ നീക്കുമെന്ന് സൈമണ്‍ ഭീഷണയുയര്‍ത്തി. എന്നാല്‍ ഇത് വീട്ടുടമസ്ഥനായ അഡ്രിയന്‍ മുഖവിലയ്‌ക്കെടുത്തില്ല. തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചിട്ടും പണം കിട്ടിയില്ല.

ഇത്തരം തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനുള്ള വിക്ടോറിയല്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിലവിലുണ്ടെങ്കിലും പണച്ചിലവേറെയുള്ളതിനാല്‍ സൈമണ്‍ വിഷയം സ്വയം പരിഹരിക്കാനിറങ്ങിത്തിരിക്കുകയായിരുന്നു.

അങ്ങനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് സൈമണ്‍ അഡ്രിയന്റെ വീട്ടിലെത്തി മേല്‍ക്കൂരയിലെ ഓടുകള്‍ ഓരോന്നായെടുത്ത് താഴെയ്‌ക്കെറിഞ്ഞത്. തുടര്‍ന്ന് അഡ്രിയനും സൈമണും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.

പ്രതിഷേധം അവസാനിപ്പിക്കാന്‍ അഡ്രിയന്‍ ആവശ്യപ്പെട്ടിട്ടും സൈമണ്‍ കൂട്ടാക്കിയില്ല. ബില്ലിലുള്ള തുക നല്‍കിയാല്‍ ഓട് തിരികെ സ്ഥാപിക്കാമെന്നായിരുന്നു സൈമണിന്റെ നിലപാട്. ഒടുവില്‍ പോലീസെത്തിയെങ്കിലും ഇരുവര്‍ക്കുമെതിരേ കേസെടുത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here