പണം എറിഞ്ഞുകൊടുത്ത് കാറുടമ, കണ്ണീരോടെ നോട്ടുകള്‍ പെറുക്കിയെടുത്ത് പെട്രോള്‍ പമ്പ് ജീവനക്കാരി; വീഡിയോ വൈറല്‍

0
417

ബീജിംഗ്: മനഃപ്പൂർവമല്ലെങ്കിലും നമ്മുടെ ചില പ്രവർത്തികളെങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കാറുണ്ട്. എന്നാൽ മനഃപ്പൂർവ്വം ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ആളുകളും നമുക്കിടയിലുണ്ട്. അത്തരത്തിലൊരു വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചൈനയിലെ ഒരു പെട്രോൾ പമ്പിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പമ്പിൽ നിർത്തിയിരിക്കുന്ന കറുത്ത ആഡംബര കാറിൽ ഇന്ധനം നിറക്കുന്ന ജീവനക്കാരിയാണ് വീഡിയോയിൽ.

ഇന്ധനം നിറച്ച ശേഷം ഫ്യുവൽ ട്രിഗർ തിരികെ വെച്ച് പണം വാങ്ങാനായി ഡ്രൈവർ സീറ്റിനടുത്തെത്തിയ യുവതി പണത്തിനായി കൈ നീട്ടുമ്പോൾ പണം കയ്യിൽ കൊടുക്കാതെ ഡ്രൈവർ നിലത്തേക്കിടുന്നു. പിന്നീട് നിലത്ത് നിന്നും നോട്ടുകൾ പെറുക്കിയെടുക്കുന്ന യുവതി കാർ പമ്പിൽ നിന്നും പോയ ശേഷം തിരിഞ്ഞു നിന്ന് കണ്ണുനീർ തുടക്കുന്നതും കാണാം. 51 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ.

എന്നാൽ നോട്ടുകൾ നിലത്ത് എറിയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവ സമയത്ത് തെരക്കിലായിരുന്നുവെന്നും വാഹനമോടിച്ചയാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല തരത്തിലുള്ള കമന്റുകളാണ് വീഡിയോക്ക് താഴെയായി ആളുകൾ പോസ്റ്റ് ചെയ്യുന്നത്. പക്ഷെ എങ്ങനെയൊക്കെ ന്യായീകരിച്ചാലും ഈ പ്രവർത്തിക്ക് മാപ്പ് നൽകാൻ കഴിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പൊതു അഭിപ്രായം.

എല്ലാ പെട്രോൾ പമ്പുകളിലും ഈ കാർ പ്രവേശിക്കുന്നത് നിരോധിക്കണമെന്നാണ് ഒരാളുടെ കമന്റ്. ‘എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ പെരുമാറുന്നതെന്ന് മനസിലാകുന്നില്ല. നല്ല രീതിയിൽ പെരുമാറാൻ എന്താണ് ബുദ്ധിമുട്ടെന്ന് മനസ്സിലാകുന്നില്ല’. എന്നാണ് മറ്റൊരാളുടെ കമന്റ്. താൻ കർമയിൽ വിശ്വസിക്കുന്നുണ്ടെന്നും ഈ പ്രവർത്തിക്ക് ഇയാൾക്ക് പകരം ലഭിക്കുമെന്നുമാണ് മറ്റാരാൾ വീഡിയോക്ക് കമന്റായി കുറിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here