അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ഇനി ആന്ധ്രാ ഗവർണർ, 13 ഇടങ്ങളിൽ മാറ്റം, ആറ് പുതിയ ഗവർണർമാർ

0
163

ദില്ലി : രാജ്യത്ത് 13 ഇടങ്ങളിൽ ​ഗവ‍ർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പുതിയ ​ഗവ‍ർണർമാരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ​ഗവർണറായി നിയമിച്ചതാണ് ഇതിൽ സുപ്രധാന തീരുമാനം. കർണാടക സ്വദേശിയാ ജസ്റ്റിസ് എസ് അബ്ദുൽ നസീർ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയിൽ മുത്തലാഖ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആരിഫ് മുഹമ്മദ് ഖാന് പുറമെ മുസ്ലിം സമുദായത്തിൽ നിന്ന് രണ്ടാമത്തെ ഗവർണ്ണറാവുകയാണ് ജസ്റ്റിസ് അബ്ദുൾ നസീർ. അതേസമയം സുപ്രീം കോടതി ജഡ്ജിമാരെ ഇത്തരം ​പദവികളിൽ നിയമിക്കുന്നത് അപൂർവ്വമാണ്.

നേരത്തെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സദാശിവം കേരളത്തിന്റെ ​ഗവ‍ർണറായി നിയമിക്കപ്പെട്ടിരുന്നു. അന്ന് സദാശിവത്തിന്റെ നിയമനത്തിൽ ജയലളിതയുടെ പിന്തുണയുണ്ടായിരുന്നു. കൂടാതെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയിരുന്നത് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയ് ആയിരുന്നു. ഇതേ ബെഞ്ചിൽ അം​ഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുൾ നസീറും. അയോധ്യ വിധിയിൽ രാമക്ഷേത്ര നി‍ർമ്മാണത്തിന് കളമൊരുക്കുന്നതായിരുന്നു ജസ്റ്റിസ് അബ്ദുൾ നസീറിന്റെ വിധി. കഴിഞ്ഞ ജനുവരിയിലാണ് അബ്ദുൾ നസീർ വിരമിച്ചത്. ഫെബ്രുവരിയിൽ ​ഗവർണറായി നിയമനം നൽകുകയും ചെയ്തു.

ഇതിന് പുറമെ വടക്കൻ മേഖല ആ‍ർമി കമാന്റ‍റായിരുന്ന കൈവല്യ ത്രിവിക്രം പർനായിക്കിനെ അരുണാചൽ പ്രദേശ് ​ഗവർണറായി നിയമിച്ചു. ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ അതിർത്തി പ്രദേശത്ത് തർക്കങ്ങൾ നിലനിൽക്കുമ്പോഴാണ് വടക്കൻ മേഖല ആ‍ർമി കമാന്റ‍റായിരുന്ന കെ ടി പർനായിക്കിന്റെ ​ഗവ‍ർണറായുള്ള നിയമനം.

 

ബിജെപി രാഷ്ട്രീയവുമായി ചേ‍ർന്ന് നിൽക്കുന്ന നേതാക്കളെയാണ് ​ഗവർണർമാരായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ലക്ഷ്മൺ പ്രസാദ് ആചാര്യ സിക്കിം ​ഗവർണറാകും. ജാർഖണ്ഡ് ഗവർണർ രമേശ് ബെയ്സ് മഹാരാഷ്ട്ര ഗവർണർ ആകും. നിലവിലെ ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലഡാഖ് ലഫ് ഗവർണറായിരുന്ന രാധാകൃഷ്ണ മാത്തൂറിന്റെയും രാജി സ്വീകരിച്ചു. രമേശ് ബെയ്സിനെ മഹാരാഷ്ട്ര ​ഗ​വർണർ ആയി നിയമിച്ചതോടെ സി പി രാധാകൃഷ്ണനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്നു, മുൻ കോയമ്പത്തൂർ എംപിയാണ് സി പി രാധാകൃഷ്ണൻ.

 

ശിവപ്രസാദ് ശുക്ല ഹിമാചൽ പ്രദേശ് ​ഗവർണറാകും. ​ഗുലാബ് ചന്ദ് കഠാരിയ അസ്സം ​ഗവർണറാകും. ആന്ധ്രാപ്രദേശ് ​ഗവർണറായിരുന്ന ബിസ്വ ഭൂഷൺ ഹരിചന്ദൻ ചത്തീസ്​ഗഡ് ​ഗവ‍ർണറാകും. ചത്തീസ് ​ഗഡ് ​ഗവർണർ അനുസ്യൂയ ഉയ്കിയെ മണിപ്പൂരിലേക്ക് മാറ്റി. മണിപ്പൂർ ​ഗവ‍ർണർ ലാ ​ഗണേശൻ നാ​ഗലാന്റിലേക്ക് മാറി. ബിഹാർ ​ഗവർണർ ഫ​ഗു ചൗഹാനെ മേഘാലയ ​ഗവർണറായി നിയമിച്ചു. ഹിമാചൽ പ്രദേശ് ​ഗവർണർ രാജേന്ദ്ര വിശ്വനാദ് അർലേക്കർ ബിഹാർ ​ഗവർണറാകും. അരുണാചൽ പ്രദേശ് ​ഗവർണറായിരുന്ന ബ്രി​ഗേഡിയർ ബി ഡി മിശ്രയാണ് ലഡാക്കിന്റെ ലഫ്റ്റ്. ​ഗവർണാറിയി നിയമിക്കപ്പെട്ടിരിക്കുന്നത്. അതേസമയം മലയാളി ​ഗവർണർമാർക്ക് മാറ്റമില്ല. ​ഗോവ ​ഗവർണറായി ശ്രീധരൻ പിള്ളയും പശ്ചിമ ബം​ഗാൾ ​ഗവർണറായി സിവി ആനന്ദ ബോസും തുടരുമെന്നാണ് നിയമനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here