മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും പ്രിയപ്പെട്ടൊരു പാനീയമാണ് ഇളനീര്‍. പരമ്പരാഗതമായി തന്നെ ഏറ്റവും മികച്ചതും ആരോഗ്യകരമായതുമായ ദാഹശമനിയായി ഇളനീരിനെ നാം കണക്കാക്കുന്നുണ്ട്. ഈ ‘ഡിമാൻഡ്’ ആകാം വഴിയോരക്കച്ചവടങ്ങളില്‍ ഇളനീര്‍ ഇത്രമാത്രം സജീവമായ ഒരു ഉത്പന്നമായി മാറനുള്ള കാരണവും.
ഇളനീര്‍ വച്ചുള്ള ജ്യൂസും ഷേക്കും സ്മൂത്തിയുമെല്ലാം ഇന്ന് ലഭ്യമാണ്. എങ്കിലും ഇളനീര്‍ അങ്ങനെ തന്നെ കഴിക്കാനാണ് അധികപേര്‍ക്കും ഇഷ്ടം. അതുപോലെ ഇളനീരില്‍ മറ്റെന്തെങ്കിലും ചേര്‍ത്ത് കഴിക്കുന്നതും അത്ര സാധാരണമല്ല.
എന്നാലിപ്പോഴിതാ ഇളനീരും ചെറുനാരങ്ങാനീരും ഒന്നിച്ച് ചേര്‍ത്ത് കഴിക്കുന്നത് ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. പലരും ഇത് നേരത്തെ തന്നെ പരീക്ഷിച്ചുനോക്കിയിട്ടുള്ളതാണ്. പലയിടങ്ങളിലും വഴിയോരക്കടകളില്‍ തന്നെ ഇങ്ങനെ ‘മിക്സ്’ ചെയ്ത പാനീയം വില്‍ക്കുന്നുമുണ്ട്.
എങ്കിലും ധാരാളം പേര്‍ ആദ്യമായാണ് ഇത് കേള്‍ക്കുന്നതെന്ന് ട്വിറ്ററിലെ ചര്‍ച്ച കാണുമ്പോഴേ മനസിലാകും. അരുണ്‍ ദേവ് എന്ന ട്വിറ്റര്‍ യൂസറാണ് ഇതെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഇത് അറിയപ്പെടുന്ന ഒരു കോംബോ ആണെന്ന് എനിക്കറിയില്ലായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇളനീരിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുന്നതിന്‍റെ ചിത്രം അരുണ്‍ പങ്കുവച്ചത്.
തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് വലിയൊരു ചര്‍ച്ച തന്നെ രൂപപ്പെടുകയായിരുന്നു. പലരും ഇത് വളരെ രുചികരമാണെന്നും, ഇതില്‍ വീണ്ടും എന്തെല്ലാം ചേര്‍ക്കാമെന്നുമെല്ലാം തങ്ങളുടെ അറിവില്‍ നിന്ന് പങ്കുവയ്ക്കുന്നുണ്ട്. ധാരാളം പേര്‍ ഇത് ആദ്യമായി കേള്‍ക്കുകയാണെന്നും ചെയ്തുനോക്കുമെന്നും പറയുന്നു. ചിലരാകട്ടെ വൈറല്‍ ട്വീറ്റ് കണ്ട ശേഷം ഇത് പരീക്ഷിച്ചുനോക്കുകയും ഇഷ്ടപ്പെട്ട ശേഷം അത് അറിയിക്കുകയും ചെയ്തിരിക്കുന്നു.
പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ ചില വിഭവങ്ങളോ പാനീയങ്ങളോ എല്ലാം ട്രെൻഡിലാകാറുണ്ട്. നിലവില്‍ ട്വിറ്ററില്‍ ട്രെൻഡിലായിരിക്കുന്ന വൈറല്‍ ‘ഡ്രിങ്ക്’ ഇതാണെന്ന് പറയാം.
I didn't know this was a popular combination. pic.twitter.com/oQH9q1xgh9
— Arun Dev (@ArunDev1) February 11, 2023