ബെംഗളൂരു: കര്‍ണാടകയില്‍ വനിതാ ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങള്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പുറത്തുവിട്ട സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അവര്‍ക്കെതിരെ നടപടിയെടുക്കും. അവര്‍ രണ്ടുപേരും തെരുവില്‍ ഇങ്ങനെ സംസാരിക്കില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. പക്ഷെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയോടും പൊലീസ് മേധാവിയോടും ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് ഐപിഎസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ എംഡിയുമായ ഡി രൂപ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐപിഎസ് ഓഫീസര്‍മാര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങളാണെന്നായിരുന്നു രൂപ പറഞ്ഞത്.
തന്റെ വാട്‌സ്ആപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു. രൂപയ്ക്ക് മാനസിക രോഗമാണെന്നും രോഹിണി ആരോപിക്കുന്നു.
മാനസിക രോഗം ഒരു വലിയ പ്രശ്‌നമാണ്. അതു മരുന്നും കൗണ്‍സിലിങ്ങും വഴിയാണ് പരിഹരിക്കേണ്ടത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവരെ ഇതു ബാധിക്കുമ്പോള്‍ അതു കൂടുതല്‍ അപകടകരമാവും. രൂപ ഐപിഎസ് തനിക്കെതിരെ തെറ്റായ, വ്യക്തിപരമായ അധിക്ഷേപ പ്രചാരണങ്ങള്‍ നടത്തുകയാണ്. അത് അവരുടെ സംസ്‌കാരമാണെന്നും രോഹിണി പറഞ്ഞു.
ദള്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കണ്‍വെന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടര്‍ ആയിരുന്നപ്പോള്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്.
കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. ഒരു റെസ്‌റ്റോറന്റില്‍ മഹേഷും രോഹിണിയും ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പായെന്ന് ആരോപണം ഉയര്‍ന്നത്.