സംസ്ഥാനത്ത് പാഴ്‌സല്‍ ഭക്ഷണത്തിന് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി; കര്‍ശന പരിശോധന

0
161

സംസ്ഥാനത്തെ മുഴുവന്‍ ഹോട്ടലുകളിലും ബേക്കറികളിലും ഇന്ന് മുതല്‍ നല്‍കുന്ന പാഴ്‌സലുകളില്‍ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി . ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം.

ഇത്തരത്തിലുള്ള സ്റ്റിക്കര്‍ ഇല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിച്ചിട്ടുണ്ട്. അതേസമയം ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് രണ്ടാഴ്ചകൂടി സാവകാശം അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ പരിശോധന നടത്തുമെങ്കിലും ഫെബ്രുവരി 16 മുതലേ നടപടികളിലേക്ക് കടക്കൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സാവകാശം വേണമെന്നുമുള്ള ഹോട്ടല്‍ സംഘടനകളുടെ അവശ്യം പരിഗണിച്ചാണ് രണ്ടാഴ്ച സാവകാശം അനുവദിച്ചത്. എല്ലാ റജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. പാഴ്‌സലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാന്‍ പാടില്ല. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതോടൊപ്പം ജീവനക്കാര്‍ രണ്ടാഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും, തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കണമെന്നുമാണ് നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here