കാസർകോട് : അടിക്കടിയുണ്ടാകുന്ന ഇന്ധനവിലവർധന സാധാരണക്കാരനൊപ്പം ഡീലർമാരെയും പ്രതിസന്ധിയിലാക്കുന്നു. തൊട്ടടുത്ത കർണാടകയിലെ ഇന്ധനവിലയുമായുള്ള വലിയ അന്തരം മുതലാക്കി വലിയ വാഹനങ്ങൾ നാട്ടിലെ പമ്പുകളിൽ കയറാത്തത് വിപണിയെ ബാധിച്ചു.
ഇക്കാരണം കൊണ്ട് മാത്രം ഒരുവർഷത്തിനിടെ ഏഴ് പമ്പുകൾക്കാണ് ജില്ലയിൽ താഴുവീണത്. തൊഴിലാളികളുടെ ശമ്പളമുൾപ്പെടെ പ്രതിദിനം ചെലവാകുന്ന തുകയ്ക്കുള്ള വിറ്റുവരവ് പോലുമില്ലാത്ത നിലയിലാണ് പമ്പുകൾ. ഒരുലിറ്റർ ഇന്ധനം വിറ്റാൽ 18 രൂപയാണ് നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുക. എന്നാൽ, വിലവർധനയെന്ന കാരണത്താൽ ലോറി ഉടമകളൊക്കെയും കേരളത്തിലെ പമ്പുകളോട് മുഖം തിരിക്കുന്നു.
കർണാടകയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പെട്രോളിന് 6.50, ഡീസലിന് എട്ട് രൂപയുടെയും വിത്യാസമുണ്ട്. ഇനി രണ്ട് രൂപ സെസ് കൂടി വന്നാൽ ഈ വ്യത്യാസം വർധിക്കും. ദീർഘദൂര സർവീസ് നടത്തുന്ന ലോറികൾ ഉൾപ്പെടെ മാഹിയിൽനിന്നും കർണാടകയിൽനിന്നും ഇന്ധനം നിറക്കും. പ്രതിദിനം ശരാശരി 10,000 ലിറ്റർ ഡീസൽ വില്പന നടന്നിരുന്ന പമ്പിൽ ഇപ്പോൾ അത് പത്ത് ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ധന വില്പനയിൽ വലിയ ഇടിവുണ്ടായത് വായ്പയെടുത്തും മറ്റും ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടിയാണ്.
വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഡീസലിന്റെ മറവിൽ ടാങ്കറുകളിൽ കർണാടകയിൽനിന്ന് ഡീസലെത്തിക്കുന്നതും പമ്പുകളുടെ വരുമാനത്തെ ബാധിച്ചു. കൂടാതെ, അതിർത്തി മേഖലകളിൽ കൂടുതലായി പുതിയ പമ്പുകൾ വരുന്നതും പ്രശ്നമാണ്.