ജനിതകമായ കാരണങ്ങൾ കൊണ്ടും അച്ഛന്‍റെയും അമ്മയുടെയുമെല്ലാം ശാരീരികവും മാനസികവുമായ കാരണങ്ങൾ മൂലവും ജനിക്കുന്ന കുഞ്ഞുങ്ങളിൽ പല സവിശേഷതകളും കാണപ്പെടാറുണ്ട്. ഇക്കൂട്ടത്തിലുൾപ്പെടുന്നൊരു സവിശേഷതയാണ് തൂക്കം കൂടിയ കുഞ്ഞുങ്ങൾ.
‘മാക്രോസോമിയ’ എന്നാണ് മെഡിക്കലി ഈ അവസ്ഥയെ വിളിക്കുന്നത്. പ്രസവസമയത്ത് നാല് കിലോയിലധികം ഭാരം വരുന്ന കുഞ്ഞുങ്ങളെയാണ് മാക്രോസോമിക് ആയി കണക്കാക്കുന്നത്.
അമ്മയുടെ പ്രായക്കൂടുതൽ (35 വയസിന് മുകളിൽ വരുന്ന കേസുകൾ), അച്ഛന്‍റെ പ്രായക്കൂടുതൽ (35 വയസ് തന്നെ), അച്ഛന്‍റെയോ അമ്മയുടെയോ വണ്ണക്കൂടുതൽ, അമ്മയെ ഗർഭാവസ്ഥയിലോ അല്ലാതെയോ ബാധിക്കുന്ന പ്രമേഹം എന്നിങ്ങനെ പല കാരണങ്ങൾ മൂലവും കുഞ്ഞുങ്ങൾ മാക്രോസോമിക് ആകാം.
ഇത്തരത്തിൽ റെക്കോർഡ് ഭാരവും വലുപ്പവുമായി ബ്രസീലിൽ ജനിച്ചൊരു കുഞ്ഞാണിപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ബ്രസീലിലെ പരിന്‍റിൻസിലാണ് അപൂർവമായ ശാരീരിക സവിശേഷതകളോടെ പെൺകുഞ്ഞ് പിറന്നിരിക്കുന്നത്.
ആഞ്ചേഴ്സൺ സാന്‍റോസ് എന്ന യുവതിക്ക് ജനിച്ച കുഞ്ഞിന് പ്രസവസമയത്ത് 7. 3 കിലോ ഭാരവും രണ്ടടിയിൽ അധികം നീളവുമുണ്ടായിരുന്നുവത്രേ. ദിവസങ്ങൾക്ക് മുമ്പാണ് ഈ കുഞ്ഞ് ജനിച്ചത്. സാധാരണഗതിയിൽ മാക്രോസോമിക് ആയി ജനിക്കുന്നത് അധികവും ആൺകുഞ്ഞുങ്ങളാണ്. എന്നാൽ പെൺകുഞ്ഞുങ്ങളിൽ ഈ അവസ്ഥ കാണില്ല എന്നല്ല.
ബ്രസീലിൽ ഇപ്പോൾ ജനിച്ച പെൺകുഞ്ഞ് 2016ൽ ജനിച്ച മാക്രോസോമിക് ആയ പെൺകുഞ്ഞിന്‍റെ റെക്കോർഡാണ് തകർത്തിരിക്കുന്നത്. 6.8 കിലോയായിരുന്നു ഈ കുഞ്ഞിന്‍റെ ഭാരം. ലോകത്തിലേക്ക് വച്ചുതന്നെ ഏറ്റവും ഭാരം കൂടിയ കുഞ്ഞിന്‍റെ റെക്കോർഡ് 1995ലുള്ളതാണ്. 10.2 കിലോ ഭാരവുമായി ഇറ്ളലിയിൽ ജനിച്ചൊരു ആൺകുഞ്ഞാണിത്. ഈ റെക്കോർഡ് ഇനിയും തകർക്കാൻ ആർക്കുമായിട്ടില്ല.
ബ്രസീലിൽ ജനിച്ചിരിക്കുന്ന കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങൾ മാക്രോസോമിക് ആകുമ്പോൾ അത് പ്രസവസമയത്ത് അമ്മയെയും കുഞ്ഞിനെ തന്നെയുമെല്ലാം ബാധിക്കാറുണ്ട്. ഭൂരിഭാഗവും സിസേറിയനും ആയിരിക്കും.