മക്കയിലെ മസ്ജിദുല്‍ ഹറമില്‍ 2015ല്‍ ഉണ്ടായ ക്രെയിന്‍ ദുരന്തത്തില്‍ സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് 20 മില്യണ്‍ റിയാല്‍ പിഴ അടക്കണമെന്ന് മക്ക ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും ഉത്തരവ് വ്യക്തമാക്കി.
മസ്ജിദുല്‍ ഹറം വിപുലീകരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ക്രെയിന്‍ 2015 സെപ്തംബര്‍ 11 നാണ് ശക്തമായ കാറ്റില്‍ നിലം പതിച്ചത്. ദുരന്തത്തില്‍ 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തിന് ശേഷമാണ് കോടതിയുടെ ഉത്തരവ്.
ബിന്‍ലാദന്‍ കമ്പനി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധ, സുരക്ഷാ ചട്ടങ്ങളുടെ ലംഘനം എന്നിവക്ക് ഏഴു പ്രതികള്‍ കുറ്റക്കാരാണെന്ന് മക്ക കോടതി കണ്ടെത്തി. ഇവരില്‍ മൂന്ന് പേര്‍ക്ക് ആറ് മാസം തടവും 30,000 റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. മറ്റ് നാല് പേര്‍ക്ക് മൂന്ന് മാസത്തെ തടവും 15,000 റിയാല്‍ പിഴയുമാണ് ശിക്ഷ.
2021 ഓഗസ്റ്റ് 4ന് കേസിലെ എല്ലാ പ്രതികളെയും മക്ക ക്രിമിനല്‍ കോടതി വെറുതെ വിട്ടിരുന്നു. അപ്പീല്‍ കോടതിയും വിധി ശരിവച്ചു. 2020 ഡിസംബറില്‍, സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് ഉള്‍പ്പെടെ കേസിലെ 13 പ്രതികളെയും വെറുതെവിട്ടു. വിചാരണ കോടതിയുടെ വിധി 2022 ജൂലൈയില്‍ സൗദി സുപ്രീം കോടതി പുനഃപരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു. അതിന് ശേഷമുളള ഉത്തരവാണ് മക്ക ക്രിമിനല്‍ കോടതി പുറപ്പെടുവിച്ചത്.