‘സാദിഖ് അലി തങ്ങളുമായി അഭിപ്രായ വ്യത്യാസമില്ല’, ഹക്കീം ഫൈസി ആദൃശ്ശേരിക്കൊപ്പം വേദി പങ്കിട്ടതിൽ സമസ്ത

0
182

കോഴിക്കോട് : സമസ്തക്കെതിരായ പ്രചാരണത്തിന്റെ സത്യാവസ്ഥ വിശദമാക്കാൻ മാർച്ച് ഒന്നിന് സംഗമം നടത്തുമെന്ന് എസ്കെഎസ്എസ്എഫ് – എസ്‍വൈഎസ് സെക്രട്ടേറിയറ്റ് യോ​ഗം തീരുമാനിച്ചു. സാദിഖ് അലി തങ്ങളുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് എസ് വൈ എസ് സ്റ്റേറ്റ് വർക്കിങ്ങ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ഹക്കീം ഫൈസി ആദൃശ്ശേരി നാദാപുരത്തെ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്ന് ഉറപ്പിച്ച ശേഷമാണ് കഴിഞ്ഞ ദിവസം നാദാപുരത്തെ പരിപാടിക്ക് സാദിഖ് അലി തങ്ങൾ പോയത്. എന്നാൽ ആദൃശ്ശേരി അവിടെ എത്തുകയായിരുന്നു. തങ്ങൾ സമസ്തയുടെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല.

കോഴ്സ് കഴിയും വരെ വിവാഹം പാടില്ല എന്ന നിയമം സിഐസിയിൽ ശരിയല്ലെന്ന് സമസ്ത വ്യക്തമാക്കിയപ്പോൾ ഈ മാറ്റം ഹക്കീം ഫൈസി ആദൃശ്ശേരി അംഗീകരിച്ചില്ല. സ്ത്രീ മുന്നേറ്റത്തിന് വേണ്ടി നിന്നത് കൊണ്ടാണ് സമസ്ത പുറത്താക്കിയത് എന്ന ആദൃശ്ശേരിയുടെ വാദം തെറ്റാണ്. സമസ്തയെ അദ്ദേഹം നിരന്തരം വെല്ലുവിളിച്ചു. അതാണ് പുറത്താക്കാൻ കാരണം.

ആദൃശ്ശേരി പങ്കെടുക്കില്ല എന്ന് സാദിഖ് അലി തങ്ങളെ ചിലർ തെറ്റ് ദ്ധരിപ്പിച്ചു. എത്തിയ സ്ഥിതിക്ക് ആദൃശേരിയെ അപമാനിക്കേണ്ടെന്ന് തങ്ങൾ  കരുതി. അത് സാദിഖ് അലി തങ്ങൾ കാണിച്ച മാന്യതയാണ്. ആദൃശ്ശേരി സിഐസിയുടെ കീഴിലെ കോളേജിലെ കുട്ടികളെ തെറ്റായി ബ്രയിൻ വാഷ് ചെയ്തു. ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതുകൊണ്ട് മാത്രം പ്രശ്നം തീരില്ല. സമസ്തയും സാദിഖ് അലി തങ്ങളും തമ്മിൽ നല്ല ബന്ധമാണ്.

പൊതു സമൂഹത്തേയും ആദൃശ്ശേരി തെറ്റിദ്ധരിപ്പിച്ചു. പല തവണ ആദൃശ്ശേരിയെ തിരുത്താൻ ഹൈദരാലി ശിഹാബ് തങ്ങളും ശ്രമിച്ചിരുന്നു. ആദൃശ്ശേരിയെ മാറ്റിയാൽ സമസ്ത സിഐസിയുമായി സഹകരിക്കും. ഹക്കീം ഫൈസി ആദൃശ്ശേരിയുമായി വേദി പങ്കിടരുത്. ഇത് ശക്തമായ നിലപാടാണെന്നും അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here