ക്ഷേത്രമുറ്റത്തെ ആർഎസ്എസ് ശാഖ നിർത്തിവെക്കാൻ തീരുമാനം: പ്രദേശത്ത് അനിശ്ചിതകാല നിരോധനാജ്ഞ

0
455

മലപ്പുറം: കോട്ടക്കൽ ശിവക്ഷേത്രമായ വെങ്കിട തേവർ ക്ഷേത്ര പരിസരത്ത് ആർഎസ്എസ് നടത്തുന്ന ശാഖ നിർത്തിവെക്കാൻ തീരുമാനം. കോട്ടക്കൽ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് സബ് കലക്ടർ സച്ചിൻ കുമാർ യാദവ് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

തിരൂർ തഹസിൽദാർ പി. ഉണ്ണി, കോട്ടക്കൽ വില്ലേജ് ഓഫീസർ സുരേഷ്ബാബു, മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസി. കമ്മീഷണർ ടി. ബിജു ചന്ദ്രശേഖരൻ, കോട്ടക്കൽ സി.ഐ. അശ്വിത്, എസ്.ഐ പ്രിയൻ, കിഴക്കെ കോവിലകം ട്രസ്റ്റ് മാനേജർ കെ.സി. ദിലീപ് രാജ, ഉപദേശകൻ വിനയചന്ദ്രൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ എൻ.പി. സുർജിത്, എം.പി. വൈശാഖ്, ആർ.എസ്. എസ് പ്രതിനിധി കെ.സി. വിനോദ്, ബി.ജെ.പി നേതാവ് എം.കെ. ജയകുമാർ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.

സംഭവമുമായി ബന്ധപ്പെട്ട് കോട്ടക്കൽ വെങ്കിട്ടത്തേവർ ക്ഷേത്ര പരിസരത്ത് സെക്ഷൻ 144 പ്രകാരം അനിശ്ചിത കാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം വിശ്വാസികൾക്ക് രാവിലെ 5.30 മുതൽ രാത്രി 7.30 വരെ ക്ഷേത്ര ദർശനത്തിനും ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഇളവ് നൽകിയിട്ടുണ്ട്. ക്ഷേത്രമുറ്റം സ്വകാര്യ ഭൂമിയാണെന്നും ഇവിടെ ശാഖക്ക് അനുമതി കൊടുക്കാൻ ഭൂമിയുടെ ഉടമസ്ഥരായ കിഴക്കേ കോവിലകം ട്രസ്റ്റ് മാനേജർക്ക് അധികാരമുണ്ടെന്നും മാനേജർ ദിലീപ് രാജ വാദിച്ചെങ്കിലും മജിസ്‌ട്രേട്ട് അംഗീകരിച്ചില്ല.

വിവിധ സംഘടനയിൽപ്പെട്ട വിശ്വാസികൾ വന്നുപോകുന്ന ക്ഷേത്രത്തിന്റെ മുറ്റത്ത് ഒരു കൂട്ടർ ആയുധ പരിശീലനം നടത്തുന്നത് സാമൂഹിക സ്പർധക്കും വിശ്വാസികളുടെ വ്യവഹാരത്തിനും തടസ്സമാകുമെന്ന് ഡി.വൈ.എഫ്.ഐ അംഗങ്ങൾ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here