ഡല്‍ഹി: മുടി വെട്ടി മോശമാക്കിയതിന് മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (എൻസിഡിആർസി) ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.ഡല്‍ഹിയിലെ ഐടിസി മൗര്യയിലെ സലൂണിനെതിരെയാണ് മോഡലാണ് ആഷ്ന റോയ് പരാതി നല്‍കിയത്. റോയിയുടെ പരാതിയിൽ 2021 സെപ്റ്റംബറിലെ എൻസിഡിആർസി ഉത്തരവിനെതിരെ ഐടിസി ലിമിറ്റഡ് നൽകിയ അപ്പീലിലാണ് വിധി.
എൻസിഡിആർസിയുടെ ഉത്തരവ് പരിശോധിച്ചപ്പോള്‍, നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള ഏതെങ്കിലും മെറ്റീരിയൽ തെളിവുകളെക്കുറിച്ചുള്ള പരാമർശമോ ചർച്ചയോ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വ്യക്തമാക്കി. 2018 ഏപ്രില്‍ 12നാണ് ആഷ്ന ഹോട്ടൽ ഐടിസി മൗര്യയുടെ സലൂൺ സന്ദർശിക്കുന്നത്. പതിവ് ഹെയർഡ്രെസ്സർ/സ്റ്റൈലിസ്റ്റ് ഇല്ലാത്തതിനാല്‍ മറ്റൊരു സ്റ്റൈലിസ്റ്റിന്റെ സേവനം ആഷ്ന തേടുകയായിരുന്നു. പുതിയ സ്റ്റൈലിസ്റ്റ് വളരെയധികം മെച്ചപ്പെട്ടുവെന്ന മാനേജരുടെ ഉറപ്പിന്‍മേലാണ് മോഡല്‍ മുടി വെട്ടാന്‍ സമ്മതിച്ചത്. എന്നാല്‍ താന്‍ ഉദ്ദേശിച്ച രീതിയലല്ല ഹെയര്‍ കട്ട് നടത്തിയതെന്നായിരുന്നു മോഡലിന്‍റെ പരാതി. തന്‍റെ മുടി വെട്ടി കുളമാക്കിയെന്നും മോഡലിംഗ് കരിയര്‍ നശിപ്പിച്ചുവെന്നും ആഷ്ന പരാതിപ്പെട്ടിരുന്നു. ഇതു തന്നെ വിഷാദത്തിലേക്കും നയിച്ചുവെന്നും മോഡല്‍ പറയുന്നു. തുടര്‍ന്ന് പരാതിയുമായി ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് മുന്നില്‍ എത്തുകയായിരുന്നു. കോടതി യുവതിക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു.
താന്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ നീളത്തില്‍ മുടി വെട്ടിയെന്നും മുടിക്കും തലയോട്ടിക്കും കേടുപാടുകള്‍ വരുത്തിയെന്നുമുള്ള ആരോപണം ശരിവെച്ചായിരുന്നു ഉപഭോക്തൃ കമ്മീഷന്‍ മോഡലിന് 2 കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ചത്. കേശസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ കമ്പനികളുടെ മുന്‍ മോഡലാണ് പരാതിക്കാരി എന്നതും കമ്മീഷന്‍ പ്രത്യേകം നിരീക്ഷിച്ചിരുന്നു.എന്നാല്‍ ഹോട്ടലിന്‍റെ ഹരജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വിധി പുനഃപരിശോധിക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു. അനുഭവിച്ച വേദനയുടെയും കഷ്ടപ്പാടിന്റെയും ആഘാതത്തിന്റെയും അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. എന്നിരുന്നാലും, രണ്ട് കോടി എന്ന തുക വളരെ അധികവും ആനുപാതികമല്ലാത്തതുമായിരിക്കും. അതിനാല്‍, രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കിയതിലൂടെ ഉപഭോക്തൃ കമ്മീഷന് പിഴവ് സംഭവിച്ചുവെന്ന് സുപ്രീം കോടതി വിലയിരുത്തി.