ചെറിയ ചുവടുകളെങ്കിലും വലിയ മുന്നേറ്റം; ശസ്‌ത്രക്രിയക്ക് ശേഷം നടക്കാനാരംഭിച്ച് റിഷഭ് പന്ത്

0
157

മുംബൈ: ഗുരുതരമായി കാലിന് പരിക്കേറ്റ കാറപകടത്തിന് ശേഷം നടക്കാന്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത്. ക്രച്ചസിന്‍റെ സഹായത്തോടെ നടക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ റിഷഭ് പന്ത് ആരാധകര്‍ക്കായി പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്.

അമ്മയെ കാണാനായി ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് വലത്തെ കാലില്‍ റിഷഭ് പന്ത് ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. അപകടത്തില്‍ റിഷഭിന്‍റെ കാറിന് തീപിടിച്ചിരുന്നു. ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിഷഭിനെ പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും പിന്നീട് ബിസിസിഐ ജനുവരി നാലിന് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. എയര്‍ ലിഫ്റ്റ് ചെയ്‌താണ് താരത്തെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ സ്പോര്‍ട്‌‌സ് മെഡിസിന്‍ വിദഗ്‌ധനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലായിരുന്നു താരത്തിന്‍റെ ചികില്‍സ. ജനുവരി ഏഴിന് റിഷഭ് പന്ത് കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായി. ഇതിന് ശേഷം വീട്ടില്‍ തുടര്‍ ചികില്‍സകളുമായി സുഖംപ്രാപിച്ചുവരികയാണ് ഇന്ത്യന്‍ യുവ ക്രിക്കറ്റര്‍.

മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ഒരു മാസത്തോളം കഴിഞ്ഞ ശേഷമാണ് റിഷഭ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗാവസ‌്‌കര്‍ ട്രോഫി താരത്തിന് നഷ്‌ടമായിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലിലും റിഷഭിന് കളിക്കാനാവില്ല. ഒരു മാസത്തിനുള്ളില്‍ കാലില്‍ മറ്റൊരു ശസ്‌ത്രക്രിയക്ക് കൂടി താരം വിധേയനാകും എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. റിഷഭിന് എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകും എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. പൂര്‍ണ ഫിറ്റ്‌നസിലേക്ക് മടങ്ങിവരാന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കും. ഒക്‌ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് പൂര്‍ണ ഫിറ്റ്‌നസിലേക്ക് റിഷഭ് പന്തിന് തിരിച്ചെത്തുക എളുപ്പമാവില്ല. പന്തിന്‍റെ കാലിലെ ആരോഗ്യ പുരോഗതി ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here