റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി; പ്രതിഭാഗം വാദം 27ന് തുടങ്ങും

0
201

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ പൂര്‍ത്തിയായി. ഇനി പ്രതിഭാഗം വാദമാണ് നടക്കേണ്ടത്. ഇതിനായി കേസ് ഫെബ്രുവരി 27ലേക്ക് മാറ്റി. റിയാസ് മൗലവി വധക്കേസിലെ വിചാരണ പൂര്‍ത്തിയായതിന് ശേഷം രണ്ടുമാസം മുമ്പാണ് അന്തിമവാദം ആരംഭിച്ചത്.

ഘട്ടം ഘട്ടമായി നടന്നതിനാല്‍ പ്രോസിക്യൂഷന്‍ വാദം ആഴ്ചകളോളം നീണ്ടുനിന്നു. പ്രതിഭാഗം വാദം കൂടി പൂര്‍ത്തിയായാല്‍ കേസില്‍ വിധി പറയുന്നതിനുള്ള തീയതി കോടതി പ്രഖ്യാപിക്കും. 2017 മാര്‍ച്ച് 21ന് അര്‍ധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് എന്ന അപ്പു(26), കേളുഗുഡ്ഡെയിലെ നിധിന്‍(25), കേളുഗുഡ്ഡെയിലെ അഖിലേഷ്(30) എന്നിവരാണ് വിചാരണ നേരിട്ടത്. അന്നത്തെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2017 ജൂണ്‍ മാസം കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

1000 പേജുള്ള കുറ്റപത്രത്തില്‍ 100 സാക്ഷികളെയും ഉള്‍പ്പെടുത്തിയിരുന്നു. കൊലപാതകം, വര്‍ഗീയകലാപശ്രമം, അതിക്രമിച്ചുകടക്കല്‍, അക്രമിക്കാനായി സംഘം ചേരല്‍, കുറ്റം മറച്ചുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു. പിന്നീട് വിചാരണക്കായി കേസ് ഫയലുകള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here