മയക്കുമരുന്ന് ഏജന്റുമാര്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി; രണ്ടുപേര്‍ അറസ്റ്റില്‍

0
199

മഞ്ചേശ്വരം: മയക്കുമരുന്ന് ഏജന്റുമാര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങി. നേരത്തെ മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ മൂന്നംഗ സംഘത്തിന് എം.ഡി.എം.എ. എത്തിച്ചുനല്‍കിയ രണ്ട് പേരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മംഗളൂരു കുളൂര്‍ അഹമദ് മന്‍സിലിലെ മുഹമ്മദ് നൗഫല്‍ (33), കര്‍ണാടക തലപ്പാടി നാരലപാടി ആയിഷ മന്‍സിലിലെ കെ.ബി. ഫൈസല്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്.

മഞ്ചേശ്വരം പൊലീസ് മാസങ്ങള്‍ക്ക് മുമ്പ് എം.ഡി.എം.എയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ നൗഫലും ഫൈസലുമാണ് ഒരു ലക്ഷം രൂപയ്ക്ക് എം.ഡി.എം.എ നല്‍കിയതെന്ന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും പിടികൂടിയത്. ഇത് ആദ്യമാണ് മയക്കുമരുന്ന് കടത്ത് കേസില്‍ ഏജന്റുമാരെ പിടികൂടുന്നത്. ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന ഇത്തരം സംഘത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.

കാസര്‍കോട്, ഉപ്പള ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവര്‍ക്കൊപ്പമുള്ള ചിലയാളുകളെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here