രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില്‍പ്പന ഇടിഞ്ഞു; കാരണം ഇതാണ്!

0
1179

2023 ജനുവരി മാസത്തില്‍ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇവയുടെ വില്‍പ്പനയും ഇന്ധന ആവശ്യവും കുറഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തണുത്ത കാലാവസ്ഥയും വ്യാവസായിക പ്രവർത്തനത്തിലെ മാന്ദ്യവും മൂലം ചരക്കുനീക്കം ഉള്‍പ്പെടെയുള്ള ഗതാഗതം കുറഞ്ഞതിനെത്തുടർന്നാണ് ഈ ഇടിവെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 ഡിസംബറിൽ ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന വില്‍പ്പനയില്‍ എത്തിയതിന് ശേഷമാണ് ഈ ഇടിവ്.

2023 ജനുവരിയിൽ 18.7 ദശലക്ഷം ടണ്ണായിരുന്നു രാജ്യത്തെ ഇന്ധന ഉപഭോഗം എന്ന് കേന്ദ്ര എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) ഡാറ്റ വ്യക്തമാക്കുന്നു. അതായത്, ഇന്ധന ഉപഭോഗം മുൻ മാസത്തേക്കാൾ 4.6 ശതമാനം കുറവായിരുന്നു. ജനുവരിയിൽ ഡീസൽ വിൽപ്പന 7.6 ശതമാനം ഇടിഞ്ഞ് 7.18 ദശലക്ഷം ടണ്ണായി. പെട്രോളിന്റെ വിൽപ്പന 5.3 ശതമാനം ഇടിഞ്ഞ് 2.82 ദശലക്ഷം ടണ്ണായി എന്നും പിപിഎസി ഡാറ്റ കാണിക്കുന്നു.

ഉത്സവ സീസൺ അവസാനിച്ചു എന്നതും തണുത്ത താപനിലയും ഈ ഇടിവിന് പിന്നില്‍ മുഖ്യ പങ്കു വഹിച്ചിരിക്കാം എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ഉൽപ്പാദന വ്യവസായം ഈ വർഷം ആരംഭിച്ചത് ദുർബലമായ നിലയിലാണ് എന്നും ജനുവരിയിൽ മൂന്ന് മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിൽ വികസിച്ചു എന്നും ഉൽപ്പാദനവും വിൽപ്പന വളർച്ചയും മന്ദഗതിയിലാണെന്നും ഒരു സ്വകാര്യ സർവേ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, വാർഷിക അടിസ്ഥാനത്തിൽ, ഇന്ധന ഉപഭോഗം 3.3 ശതമാനം വർദ്ധിച്ചു. ഡീസൽ വിൽപ്പന 12.6 ശതമാനം ഉയർന്നപ്പോൾ പെട്രോളിന്റെ വിൽപ്പന 14.2 ശതമാനം ഉയർന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പാസഞ്ചർ വെഹിക്കിൾ (പിവി) വിൽപ്പന ജനുവരിയിൽ 22 ശതമാനം ഉയർന്ന് 3,40,220 യൂണിറ്റുകളായി. 2020-ന് മുമ്പുള്ള കോവിഡ് കാലത്തില്‍ നിന്ന് എട്ട് ശതമാനം വർധിച്ചു, ആരോഗ്യകരമായ ബുക്കിംഗുകളും മെച്ചപ്പെട്ട വിതരണ ശൃംഖയലും ഇതിന് സഹായിച്ചുവെന്നും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ ഡാറ്റ വ്യക്തമാക്കുന്നു. പാചക വാതകം അല്ലെങ്കിൽ ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വിൽപ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 2.1 ശതമാനം കുറഞ്ഞ് 2.51 ദശലക്ഷമായി, നാഫ്‍ത വിൽപ്പന 14.4 ശതമാനം കുറഞ്ഞ് 1.23 ദശലക്ഷം ടണ്ണായി. റോഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ബിറ്റുമെൻ വിൽപ്പന 20 ശതമാനം കുറഞ്ഞു, അതേസമയം ഇന്ധന എണ്ണയുടെ ഉപയോഗം കഴിഞ്ഞ മാസം 9.1 ശതമാനം ഉയർന്നു എന്നുമാണ് കണക്കുകള്‍.

അതേസമയം നിക്ഷേപ കുതിപ്പിനൊപ്പം, 2023-ൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് വ്യാവസായിക പ്രവർത്തനങ്ങളിൽ കുത്തനെ വർദ്ധനവിന് കാരണമാകും എന്നും അതേസമയം സെൻട്രൽ ബാങ്ക് പണപ്പെരുപ്പ ദുരിതാശ്വാസ നടപടികൾ നടപ്പിലാക്കുന്നുവെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here