ആളുകള്‍ ഇതിന് വേണ്ടി മരിക്കാൻ തയ്യാറാകുന്നു; അത്രമാത്രം വിലയാണിതിന്…

0
294

മനുഷ്യര്‍ ചെന്നെത്താത്ത ദിക്കുകളും ചൂഷണം ചെയ്യാത്ത വിഭവങ്ങളും ഭൂമിയില്‍ നന്നെ കുറവാണെന്ന് പറയാം. എത്തിപ്പെടാൻ പറ്റുന്നയിടങ്ങളിലെല്ലാം ലഭ്യമായ വിഭവങ്ങളെ പ്രയോജനപ്പെടുത്താൻ മനുഷ്യര്‍ ശ്രമിക്കാറുണ്ട്.

കരയില്‍ മാത്രമല്ല, കടലിലും ഉപയോഗപ്പെടുത്താവുന്ന വിഭവങ്ങള്‍ മനുഷ്യര്‍ കണ്ടെത്തി- വേട്ടയാടി എടുക്കുന്നുണ്ട്. അത്തരത്തില്‍ വല്ലാത്ത രീതിയില്‍ മനുഷ്യര്‍ ചൂഷണം ചെയ്യുന്നൊരു കടല്‍വിഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കടല്‍ വെള്ളരി എന്നാണിതിന്‍റെ പേര്.

പേര് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ എന്തെങ്കിലും ചെടിയോ ഫലമോ ആണെന്നായിരിക്കും മിക്കവരും ഇതിനെ തെറ്റിദ്ധരിക്കുക. എന്നാല്‍ സംഗതി യഥാര്‍ത്ഥത്തില്‍ ഒരു കടല്‍ജീവിയാണ്. കൈകാലുകളോ കണ്ണോ ഒന്നുമില്ലാതെ കാഴ്ചയ്ക്ക് ഒരു വെള്ളരിയുടെ ഘടനയാണ് ഇതിന്. അക്കാരണം കൊണ്ടാണ് ഇതിനെ ‘സീ കുക്കുമ്പര്‍’ അഥവാ കടല്‍ വെള്ളരി എന്ന് വിളിക്കുന്നത്.

നീണ്ട് ഉരുണ്ട ഘടന, ചെറിയ കാലുകള്‍. കാണാൻ പോലും സാധിക്കാത്ത വിധം മുമ്പിലായി വായയും പിറകിലായി മലദ്വാരവും. ഇത്രയേ ഉള്ളൂ കടല്‍ വെള്ളരിയുടെ ദേഹം. കടലില്‍ നിന്ന് പല മാലിന്യങ്ങളും സ്വീകരിച്ച് അത് ഭക്ഷണമാക്കി കടലില്‍ അത്രയും ഭാഗത്തെ ശുദ്ധീകരിക്കുന്നൊരു ജീവിയാണിത്. അതിനാല്‍ തന്നെ കടലിന്‍റെ ആവാസവ്യവസ്ഥയ്ക്ക് കടല്‍ വെള്ളരി ഏറെ ആവശ്യമാണ്.

മനുഷ്യരാകട്ടെ ഭക്ഷണാവശ്യങ്ങള്‍ക്കാണ് പ്രധാനമായും ഇതിനെ ഉപയോഗിക്കുന്നത്. അതുപോലെ തന്നെ വാതം അടക്കമുള്ള ചില രോഗങ്ങള്‍ക്ക് കാര്യമായ ശമനം നല്‍കാനും ഇത് സഹായകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഇതിന്‍റെ ഉയര്‍ന്ന വില മൂലം ഇന്ന് ഇതിന് വേണ്ടി കടലില്‍ വേട്ട നടത്തി ആളുകള്‍ മരിക്കാൻ വരെ തയ്യാറാകുന്ന കാഴ്ചയാണ് കാണാനാകുന്നതെന്ന് മറൈൻ എക്കോളജിസ്റ്റ് (കടലിലെ പരിസ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്ന ഗവേഷകര്‍ ) ആയ സ്റ്റീവൻ പെര്‍സെല്‍ പറയുന്നു.

‘അപൂര്‍വയിനത്തില്‍ പെടുന്നൊരു കടല്‍ജീവിയാണിത്. ഇതിന്‍റെ ശരീരഘടന തന്നെ ഏറെ വിചിത്രമാണ്. 1980കളിലാണ് കടല്‍വെള്ളരിക്ക് വേണ്ടി മനുഷ്യര്‍ ഇറങ്ങിത്തുടങ്ങിയത്. ചൈനയാണ് ഇതിന്‍റെ വലിയൊരു മാര്‍ക്കറ്റ്. ഇവര്‍ കടല്‍വെള്ളരി ഉണക്കി പാക്കറ്റിലാക്കി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും സമ്മാനമായി നല്‍കാനും വിശേഷാവസരങ്ങളില്‍ പാകപ്പെടുത്തി വിളമ്പാനുമാണ് ഇത് പിന്നീടുപയോഗിക്കുന്നത്…’- സ്റ്റീവൻ പെര്‍സെല്‍ പറയുന്നു.

കിലോയ്ക്ക് രണ്ടര ലക്ഷം രൂപയെല്ലാം കടല്‍ വെള്ളരിക്ക് വരും. പല വറൈറ്റികളും കടല്‍വെള്ളരിയിലുണ്ട്. ഇതില്‍ ജാപ്പനീസ് കടല്‍വെള്ളരിയാണെങ്കില്‍ അതിന് കിലോയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപ വില വരുമത്രേ. ഇത്രയും വിലയുള്ളതിനാല്‍ തന്നെ കൂടുതല്‍ പേര്‍ കടല്‍വെള്ളരിക്കായി കടലില്‍ ദിവസങ്ങള്‍ ചെലവിടുകയും അപകടകരമായ സാഹചര്യങ്ങളില്‍ പോലും പിടിച്ചുനില്‍ക്കുകയും ചെയ്യുകയാണത്രേ. ഈ വിഷയത്തിലേക്ക് കൂടുതല്‍ ശ്രദ്ധയെത്തേണ്ടതുണ്ടെന്നാണ് സ്റ്റീവൻ പെര്‍സെല്‍ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here