വെളുത്തിട്ട് പാറണോ…? ക്രീമുകള്‍ അത്ര സോഫ്റ്റല്ല’; സംസ്ഥാനത്ത് ദിവസവും വില്‍ക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളെന്ന് കണ്ടെത്തല്‍

0
275

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസവും വില്‍ക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളെന്ന് കണ്ടെത്തല്‍. ഓപ്പറേഷന്‍ സൗന്ദര്യയെന്ന പേരില്‍ ഡ്രഗ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടികൂടി. വന്‍ പാര്‍ശ്വഫലങ്ങളുള്ള ക്രീമുകളാണ് പിടിച്ചെടുത്തതെന്നും പരിശോധന കര്‍ശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ പറഞ്ഞു.

തൃശൂര്‍ കുന്നംകുളം സെലക്ഷന്‍ ഫാന്‍സി,മനക്കൊടി പവിത്രം ഓര്‍ഗാനിക്‌സ് എന്നീ കോസ്മറ്റിക്‌സ് ഷോപ്പുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ നിര്‍മിച്ച സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ബില്ലോ, ഉത്പാദകരുടെ ലേബലോ ഇല്ലാത്തതുമായ ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും പിടികൂടിയ ഉല്‍പന്നങ്ങള്‍ അതത് കോടതികളില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

ഡ്രഗ് കണ്‍ട്രോള്‍ ഇന്റലിജന്റ്‌സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 ഇടത്തും സൗന്ദര്യവര്‍ധക വസ്തുക്കള്‍ അനധികൃതമായി വില്‍ക്കുന്നതായാണ് കണ്ടെത്തല്‍. ഓപ്പറേഷന്‍ സൗന്ദര്യയെന്ന പേരില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വന്‍പാര്‍ശ്വഫലമുള്ള ഫേസ് ക്രീമുകളുള്‍പ്പടെ പിടിച്ചെടുത്തത്. ഇതില്‍ പലതും യുവതീ,യുവാക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. ഇന്ത്യയില്‍ അംഗീകാരമുള്ള ക്രീമുകള്‍ പലതും പാര്‍ശ്വഫലങ്ങള്‍ കാരണം വിദേശ രാജ്യങ്ങളില്‍ നിരോധിച്ചവയാണെന്ന വസ്തുതയും നിലനില്‍ക്കുന്നു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ രേഖകള്‍ പരിശോധിക്കണമെന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ പറഞ്ഞു.

കണ്ണൂരില്‍നിന്ന് അടുത്തിടെ അനധികൃതമായി നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചിരുന്നു. കാസര്‍കോട് പ്രസ് ക്ലബ് ജങ്ക്ഷന്‍, തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ്, കണ്ണൂര്‍ ബാങ്ക് റോഡ് എന്നിവിടങ്ങളിലെ കടകളില്‍നിന്നായി 1.20 ലക്ഷം രൂപ വിലവരുന്ന വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളാണ് അന്ന് കണ്ടെത്തിയത്. വെളുക്കാന്‍ തേക്കുന്ന ക്രീമുകള്‍, ഫെയ്‌സ് ലോഷന്‍, ഷാംപൂ, സോപ്പുകള്‍, നെയില്‍ പോളിഷ് തുടങ്ങിയവ ഇതില്‍പ്പെടും. പാകിസ്താന്‍, തുര്‍ക്കി രാജ്യങ്ങളുടെ ലേബല്‍ കാണിക്കുന്ന ഉത്പന്നങ്ങളും വ്യാജമായി നിര്‍മിച്ച ലേബലും നിര്‍മാണ ലൈസന്‍സില്ലാത്ത ക്രീമുകളും പിടിച്ചവയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here