പാരിസ്: ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ പി.എസ്.ജിയിലെ സൂപ്പർതാരങ്ങൾക്കെതിരെ ആരാധകർ. ചിരവൈരികളായ മാഴ്‌സയോടാണ് പി.എസ്.ജി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റത്. സൂപ്പർതാരങ്ങളായ മെസിയും നെയ്മറും ടീമിലുണ്ടായിരിക്കെയാണ് പി.എസ്.ജിയുടെ തോല്‍വി. അതേസമയം മറ്റൊരു സൂപ്പർതാരം കിലിയൻ എംബാപ്പക്ക് പരിക്കേറ്റതിനാൽ ടീമിലുണ്ടായിരുന്നില്ല.
രൂക്ഷമായ വിമർശനങ്ങളാണ് മെസിക്കും നെയ്മറിനും എതിരെ ഉയരുന്നത്. ഇരുവരെയും വിറ്റ് എംബാപ്പയെ കേന്ദ്രമാക്കി ടീം ഉണ്ടാക്കണമെന്നാണ് ആരാധകരിലൊരാൾ കുറിച്ചത്. എംബാപ്പയടെ അസാന്നിധ്യം ടീമിനെ ബാധിച്ചതായും ആരാധകർ വിലയിരുത്തുന്നു. പെനൽറ്റിയിലൂടെ മാഴ്‌സയാണ് തുടങ്ങിയത്. സെൻകിസ് അണ്ടറിനെ വീഴ്ത്തിയതിന് റഫറി പെനൽറ്റി വിധിക്കുന്നു. കിക്കെടുത്ത അലക്‌സിസ് സാഞ്ചസിന് പിഴച്ചില്ല. ഗോൾകീപ്പറെയും മറികടന്ന് ചിലിയൻ താരത്തിന്റെ ഷോട്ട് വലക്കുള്ളിൽ. എന്നാൽ പെനാൽറ്റിക്ക് കാരണക്കാരനായ റാമോസ് തന്നെ ഗോൾ മടക്കി ടീമിനെ ഒപ്പമെത്തിച്ചു.
നെയ്മർ എടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു റാമോസിന്റൈ ഗോൾ. എന്നാൽ രണ്ടാം പകുതിയിൽ മാഴ്‌സ ലീഡ് എടുത്തു. റഷ്യൻ താരം റസ്ലൻ മാലിനോവ്‌സ്‌കിയുടെ കിടിലനൊരു ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിൽ വിശ്രമിക്കുകയായിരുന്നു. ഗോൾ മടക്കാൻ പിഎസ്ജി കഴിയുന്നതെല്ലാം പുറത്തെടുത്തെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. മെസിയും നെയ്മറും കളത്തിലുണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ പോയതാടെയാണ് ആരാധകർ രംഗത്തുവന്നത്. ടാർഗറ്റിലേക്ക് മൂന്ന് ഷോട്ടുകളെ പിഎസ്ജിക്ക് തൊടുക്കാനായുള്ളൂ എന്നത് തന്നെ അവരുടെ മുന്നേറ്റ നിര ഫോമിലല്ലെന്ന് തെളിയിക്കുന്നതായിരുന്നു. മാഴ്‌സയാവട്ടെ എട്ട് ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്.
മെസിക്കും നെയ്മർക്കും ഷോട്ടുകളൊന്നും തൊടുക്കാനായില്ല. എന്നിരുന്നാലും ഇരുവരുടെയും സംയുക്ത നീക്കത്തിൽ ചില മുന്നേറ്റങ്ങള്‍ പിറന്നതല്ലാതെ ഒന്നും കാര്യമായില്ല. അതേസമയം എംബാപ്പയും ഫോമിന് പുറത്താണ്. ഫ്രഞ്ച് ലീഗിലെ കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി ഗോൾ നേടാനോ ഗോളിന് വഴിയൊരുക്കാനോ എംബാപ്പക്ക് കഴിഞ്ഞിട്ടില്ല. തുടർച്ചയായി രണ്ടാം തവണയാണ് ഫ്രഞ്ച് കപ്പിലെ ക്വാർട്ടറിൽ നിന്ന് പിഎസ്ജി പുറത്താകുന്നത്. ഇതൊക്കെയാവാം ആരാധകരെ ചൊടിപ്പിച്ചത്.