ദേശീയപാത വികസനം: സര്‍വീസ് റോഡില്‍ തിരക്കുകുറയ്ക്കാന്‍ ഹൈവേ വില്ലേജ്

0
1021

ഹരിപ്പാട്: ദേശീയപാത 66 ആറുവരിയാകുമ്പോൾ സർവീസ് റോഡിലെ തിരക്കുകുറയ്ക്കാനും ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകൾ പുനഃസ്ഥാപിക്കാനും ‘ഹൈവേ വില്ലേജ്’ പദ്ധതി. പ്രധാനകേന്ദ്രങ്ങളിൽ ദേശീയപാതയോടുചേർന്ന് ഭൂമിയേറ്റെടുത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിനു സൗകര്യമൊരുക്കുകയും പെട്രോൾ ബങ്കുകൾ, ചാർജിങ് സ്റ്റേഷനുകൾ, വർക്ക് ഷോപ്പുകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വ്യാപാര സമുച്ചയം നിർമിക്കുന്നതിനുമുള്ള പദ്ധതിയാണിത്.

സംസ്ഥാനസർക്കാർ ഭൂമി കണ്ടെത്തിയാൽ ദേശീയപാതാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കും. 2018-ലാണ് രാജ്യത്ത് ഹൈവേ വില്ലേജ് തുടങ്ങിയത്. അന്നുതന്നെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാനത്ത് അതു നടപ്പാക്കുന്നതിനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ, ഭൂമിയേറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടും നിലവിലെ വ്യാപാരസ്ഥാപനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പദ്ധതി പ്രായോഗികമല്ലെന്നായിരുന്നു സർക്കാർ നിലപാട്.

സംസ്ഥാനത്ത് 45 മീറ്ററിലാണ് ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കുന്നത്. 60 മീറ്ററിൽ നടത്തേണ്ട വികസനമാണു കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ 45 മീറ്ററിലേക്കു ചുരുക്കിയത്. നിലവിൽ ദേശീയപാതയോരത്തുള്ള ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകളെല്ലാം ഇല്ലാതാകും. ബസ് ബേ കളും ഒഴിവാക്കും. നഗരപരിധിയിലെ ഗതാഗതത്തിനായി ഉപയോഗിക്കേണ്ട ഏഴുമീറ്റർ വീതിയുള്ള സർവീസ് റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടാനുമാകില്ല. ഹൈവേ വില്ലേജ് പദ്ധതി നടപ്പായാൽ വാഹനങ്ങൾ അവിടെ നിർത്തിയിടാം. സർവീസ് റോഡുകളിലെ തിരക്ക് ഒഴിവാക്കാനുമാകും.

ഹൈവേ വില്ലേജിനായി കുറഞ്ഞത് അഞ്ചേക്കർ ഭൂമിവേണം. ടോൾ പിരിവുകേന്ദ്രങ്ങളോടു ചേർന്നുള്ള സ്ഥലമാണ് ദേശീയപാതാ അതോറിറ്റി പരിഗണിക്കുന്നത്. എന്നാൽ, കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഇതിനു സാധ്യതയുണ്ട്.

ഒന്നേമുക്കാൽ മീറ്ററിനപ്പുറം റോഡ്; താമസക്കാർ ബുദ്ധിമുട്ടും

ഏറ്റെടുത്ത ഭൂമിയിലെ പൊളിച്ച കെട്ടിടങ്ങളുടെ ബാക്കി അറ്റകുറ്റപ്പണി നടത്തി നിലനിർത്തുന്നവർ ബുദ്ധിമുട്ടും. ഇങ്ങനെയുള്ള കെട്ടിടങ്ങളുടെ ഭിത്തിയും റോഡിന്റെ അതിരും ചേർന്നുവരും. 45 മീറ്ററാണ് പുതിയപാതയുടെ വീതി. കെട്ടിടങ്ങളുടെ അരികിൽനിന്ന് ഒന്നേമുക്കാൽ മീറ്റർ (ഒന്നര മീറ്റർ നടപ്പാതയും 25 സെന്റിമീറ്റർ പാർശ്വഭിത്തിയും) മാത്രം മാറിയാണ് സർവീസ് റോഡ് കടന്നുപോകുന്നത്. കെട്ടിടങ്ങളോടു ചേർന്നായിരിക്കും വൈദ്യുതി ലൈനുമുണ്ടാകുക.

ദേശീയപാതയിൽനിന്ന് മൂന്നുമീറ്റർ ദൂരപരിധി പാലിച്ചേ വീടുനിർമിക്കാൻ അനുമതി ലഭിക്കൂ. എന്നാൽ, പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ പൊളിച്ച കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ തടസ്സമില്ല. എങ്കിലും അങ്ങനെയുള്ളവർക്കു താമസം ബുദ്ധിമുട്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here