മഹാരാഷ്ട്രയിൽ മണ്ണിനടിയിൽ നിന്ന് അപൂർവ ശബ്ദം. പക്ഷേ ഭൗമപ്രതിഭാസമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ജനങ്ങൾ ആശങ്കയിലായി.
ബുധനാഴ്ച വിവേകാനന്ദ് ചൗകിന് സമീപം രാവിലെ 10.30നും 10.45നും മധ്യേയാണ് ശബ്ദം കേട്ടത്. തുടർന്ന് തദ്ദേശ വകുപ്പിൽ അറിയിക്കുകയും അധികൃതർ അത് ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുകയും ചെയ്തു. തുർന്ന് ദുരന്തനിവാരണ സംഘമെന്നതിലത്തൂർ സിറ്റി, ഔറദ് ഷഹനി, അശിവ് എന്നിവിടങ്ങളിളെ ഭൂചലനം അളക്കുന്ന കേന്ദ്രങ്ങളിലെത്തി വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ഭൗമപ്രതിഭാസമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.
ഇത് ആദ്യമായല്ല മഹാരാഷ്ട്രയിൽ ഇത്തരം വിചിത്ര ശബ്ദത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2022 ൽ ഹസോരി, കില്ലാരി, ലത്തൂർ എന്നിവിടങ്ങളിലും സമാന ശബ്ദങ്ങൾ കേട്ടിരുന്നു. ഈ വർഷം ഫെബ്രുവരി 4ന് നിത്തൂരിലും ഇത്തരം ശബ്ദം കേട്ടതായി പ്രദേശ വാസികൾ റിപ്പോർട്ട് ചെയ്തു.
തുടർച്ചയായി ഉണ്ടാകുന്ന ശബ്ദം ഭൂചലനത്തിന് മുന്നോടിയാണോ എന്നതാണ് മഹരാഷ്ട്ര സ്വദേശികളുടെ ഭയം. 1993 ൽ മഹാരാഷ്ട്രയിലെ കില്ലാരി ഗ്രാമത്തിലുണ്ടായ ഭൂചലനത്തിൽ 10,000 പേർക്കായിരുന്നു ജീവൻ നഷ്ടമായത്.