മുംബൈ: ഉള്ളിയുടെ വില വിപണയില്‍ ക്രമാതീതമായി കൂപ്പുകുത്തിയതോടെ പ്രധാനമന്ത്രിയോട് ആത്മഹത്യ ചെയ്യാനുള്ള അനുവാദമെങ്കിലും തരണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍. വിള ഉത്പാദിപ്പിക്കാന്‍ ചെലവാക്കുന്ന പണം പോലും വില്‍പനയ്ക്ക് ശേഷം ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. മോദി സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കര്‍ഷകരെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
3.5 ലക്ഷം രൂപയാണ് കൃഷിക്കായി ഞാന്‍ ചെലവാക്കിയത്. ഈ സാഹചര്യത്തില്‍ ഒരു ലക്ഷം രൂപ പോലും ഉണ്ടാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മോദി സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. മോദി കര്‍ഷകരുടെ കാര്യങ്ങള്‍ പരിഗണിക്കുന്നില്ല.
വിളകള്‍ക്ക് മാന്യമായ വില ലഭിക്കണമെന്നും അല്ലാത്ത പക്ഷം ആത്മഹത്യ ചെയ്യാനുള്ള അനുവാദമെങ്കിലും സര്‍ക്കാര്‍ തരണമെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ഏക്കര്‍ ഭൂമിയില്‍ ഞങ്ങള്‍ ഉള്ളി കൃഷി ചെയ്യുന്നുണ്ട്. 50000 രൂപയായിരുന്നു ഇതിനായി വന്ന ആകെ ചെലവ്. ഉള്ളി വില്‍ക്കാന്‍ എത്തിയ എനിക്ക് 25000 രൂപ പോലും ഉണ്ടാക്കാന്‍ സാധിച്ചില്ല, മറ്റൊരു കര്‍ഷന്‍ കൂട്ടിച്ചേര്‍ക്കുന്നു.
സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി നടപടിയെടുക്കാത്ത പക്ഷം സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുകയാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍. കഴിഞ്ഞ ദിവസം 512 കിലോ ഉള്ളി വിറ്റ കര്‍ഷകന് ചെലവ് കഴിഞ്ഞ് കിട്ടിയത് രണ്ട് രൂപയുടെ ലാഭം മാത്രമായിരുന്നു. അതും ചെക്കായാണ് തുക ലഭിച്ചതെന്നും ഇത് മാറിക്കിട്ടാന്‍ 15 ദിവസം കാലതാമസമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 70 കിലോമീറ്റര്‍ വാഹനത്തില്‍ കൊണ്ടുപോയായിരുന്നു വിറ്റത്. കാര്‍ഷിക വിള മാര്‍ക്കറ്റ് കമ്മിറ്റിയിലാണ് (എ.പി.എം.സി) ഉള്ളി വിറ്റത്.
കഴിഞ്ഞ വര്‍ഷം 18 രൂപ നിരക്കില്‍ ഉള്ളി വിറ്റിടത്താണ് ഇക്കുറി ഒരു രൂപ നിരക്കില്‍ വില്‍പന നടത്തേണ്ടി വരുന്നത്.