കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി, അധികാരം നിലനിർത്താനുള്ള ബി.ജെ.പിയുടെ തന്ത്രം; ആരോപണവുമായി ബെംഗളൂരു അതിരൂപത

0
187

ബെംഗളൂരു: കർണാടകയിൽ ക്രിസ്ത്യാനികളും മുസ്‍ലിങ്ങളും പോലുള്ള മതന്യൂനപക്ഷങ്ങളിൽ പെട്ട ആയിരക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കത്തോലിക്കാ നേതാക്കൾ ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് വരുന്ന മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ന്യൂനപക്ഷ വോട്ടർമാരെ ഇല്ലാതാക്കുന്നത് അധികാരം നിലനിർത്താനുള്ള തന്ത്രമാണെന്നാണ് നേതാക്കളുടെ സംശയം.

ഇതു സംബന്ധിച്ച് ഫെബ്രുവരി 15ന് ബെംഗളൂരു അതിരൂപതയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം കര്‍ണാടക ചീഫ് ഇലക്ടറൽ ഓഫീസർക്ക് (സിഇഒ) ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.ബെംഗളൂരുവിലെ ശിവാജിനഗർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് 9,195 വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതായി മെമ്മോറാണ്ടത്തില്‍ പറയുന്നു. ഒഴിവാക്കിയതില്‍ 8,000 പേരെങ്കിലും ക്രിസ്ത്യാനികളും മുസ്‍ലിങ്ങളുമാണെന്നും മെമ്മോറാണ്ടം ചൂണ്ടിക്കാണിക്കുന്നു. “ബെംഗളൂരു നഗരത്തിലുടനീളമുള്ള നിരവധി മണ്ഡലങ്ങൾ [വോട്ടർമാരുടെ പട്ടിക] കൈമാറ്റം ചെയ്യപ്പെടുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ഇത്തരം കൊള്ളരുതായ്മകൾ അനിയന്ത്രിതമായി തുടരാൻ അനുവദിച്ചാൽ, തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം നശിപ്പിക്കപ്പെടും”ബെംഗളൂരു അതിരൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ജെ.എ.കാന്തരാജ് യുസിഎ ന്യൂസിനോട് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ക്രിസ്ത്യാനികളും മുസ്‍ലിങ്ങളും വോട്ട് ചെയ്യാതിരിക്കാനായി കൃത്രിമം കാണിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ബെംഗളൂരുവിലെ നിയോജകമണ്ഡലങ്ങളിൽ ക്യാമ്പുകൾ നടത്താൻ ഉന്നത തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചതായി കാന്തരാജ് പറഞ്ഞു.അതിരൂപത ഇടവകകളിൽ ഉടനീളം ഇത്തരമൊരു പ്രചാരണം ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “തങ്ങളുടെ ഇടവകയിലെ കത്തോലിക്കരുടെ പേരുകൾ വോട്ടർമാരുടെ പട്ടികയിൽ നിന്ന് കാണാതായിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ശ്രമത്തിലാണെന്ന്” സെന്‍റ്. ജോസഫ് പള്ളിയിലെ ഇടവക വികാരിയായ ഫാദർ വിവിയൻ മോനിസ് പറഞ്ഞു. തന്‍റെ മണ്ഡലത്തിലെ പുതുക്കിയ വോട്ടർപട്ടികയിൽ ആയിരക്കണക്കിന് ക്രിസ്ത്യൻ, മുസ്‍ലിം വോട്ടർമാരുടെ പേരുകൾ അപ്രത്യക്ഷമായത് തന്നെ ഞെട്ടിച്ചുവെന്ന് ശിവാജി നഗറിനെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് പാർട്ടി നിയമസഭാംഗം റിസ്വാൻ അർഷാദ് പറഞ്ഞു.ന്യൂനപക്ഷങ്ങളുടെ വോട്ട് ചെയ്യാനുള്ള മൗലികാവകാശം കവർന്നെടുക്കാനുള്ള ഭരണകക്ഷിയായ ബിജെപിയുടെ നഗ്നമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യൻ, മുസ്‍ലിം വോട്ടർമാരെ തിരിച്ചറിയുന്നതിനും അവരുടെ വോട്ടവകാശം ഇല്ലാതാക്കുന്നതിനുമുള്ള രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് ഫെബ്രുവരി 9 ന് അർഷാദ് കർണാടക ഹൈക്കോടതിയിൽ ഒരു റിട്ട് ഹരജി നൽകിയിട്ടുണ്ട്. “ന്യൂനപക്ഷ വോട്ടർമാരെ അകറ്റാനുള്ള ഈ ഗൂഢശ്രമം അന്വേഷിക്കാനും ഉടന്‍ റിപ്പോർട്ട് സമർപ്പിക്കാനും” കോടതി ഒരു അന്വേഷണ സമിതി രൂപീകരിക്കണമെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൈക്കൽ എഫ്. സൽദാൻഹ യുസിഎ ന്യൂസിനോട് പറഞ്ഞു.എന്തെങ്കിലും കൃത്രിമങ്ങൾ കണ്ടെത്തിയാൽ, രാജ്യത്തിനാകെ മാതൃകയാകാൻ കർശനമായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകയിൽ സർക്കാർ സംവിധാനം സ്വീകരിക്കുന്ന നിയമവിരുദ്ധവും അധാർമ്മികവുമായ രീതികൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ആവർത്തിക്കാമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ വക്താവ് ജോൺ ദയാൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here