ഇന്ത്യയിൽ പുരുഷന്മാരുടെ അടിവസ്ത്ര വിൽപന കുത്തനെ ഇടിയുന്നു; വിരൽ ചൂണ്ടുന്നത് വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലേക്കോ ?

0
280

രാജ്യത്ത് പുരുഷന്മാരുടെ അടിവസ്ത്ര വിൽപന കുത്തനെ ഇടിയുന്നു. പ്രമുഖ അടിവസ്ത്ര ബ്രാൻഡുകളായ രൂപ അൺഡിഫൈൻഡ്, പേജ് ഇൻഡസ്ട്രീസ് എന്നിവയുടെ വിൽപനാ നിരക്കെല്ലാം വൻ തോതിൽ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി അടിവസ്ത്ര കമ്പനികളെല്ലാം ഓഹരി വിപണിയിൽ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

പുരുഷന്മാരുടെ അടിവസ്ത്ര വിൽപനയ്ക്ക് സാമ്പത്തിക രംഗത്ത് എന്ത് കാര്യം ? ഈ ചോദ്യം ഉന്നയിക്കാൻ വരട്ടെ. മുൻ ഫെഡറൽ റിസർവ് മേധാവി അലൻ ഗ്രീൻസ്പാന്റെ ഒരു സിദ്ധാന്തമുണ്ട്. പുരുഷന്മാരുട അടിവസ്ത്രമാണ് ഏറ്റവും സ്വകാര്യമായ വസ്ത്രം. അതുകൊണ്ട് തന്നെ സാമ്പത്തികമായി മോശം അവസ്ഥയിൽ നിൽക്കുന്നൊരു വ്യക്തി പഴയ അടിവസ്ത്രം മാറ്റി പുതിയത് വാങ്ങില്ല. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ അടിവസ്ത്ര വിൽപന കുറയുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യയിൽ പുരുഷന്മാരുടെ അടിവസ്ത്ര വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ, ഡിസംബർ 2022 ന്റെ അവസാനത്തോടെ 55% ന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോക്കിയുടെ ഉടമകളായ പേജ് ഇൻഡസ്ട്രീസ്, ലക്‌സ് ഇൻഡസ്ട്രീസ് എന്നിവയുടെ വിൽപന കഴിഞ്ഞ പാദത്തിൽ നിന്ന് ഇക്കുറി താഴേക്ക് വീണപ്പോൾ, രൂപ അൺഡിഫൈൻഡിന്റേയും ലക്‌സ് ഇൻഡ്‌സ്ട്രീസിന്റേയും ഓഹരി വില 4,647 രൂപയിൽ നിന്ന് 70 ഇടിഞ്ഞിരിക്കുകയാണ്.

മാർസെല്ലസ് ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് സ്ഥാപകനും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫിസറുമായ സൗരഭ് മുഖർജിയുടെ കോഫി-കാൻ സമീപനം പ്രകാരം ( കഴിഞ്ഞ കാലങ്ങളിൽ നന്നായി പെർഫോം ചെയ്ത കമ്പനികളുടെ ഓഹരിയിൽ കുറഞ്ഞത് പത്ത് വർഷത്തേക്കെങ്കിലും നിക്ഷേപം നടത്തുന്ന രീതി), പേജ് ഇൻസ്ട്രീസാണ് അദ്ദേഹത്തിന്റെ പട്ടികയിൽ ആദ്യം ഇടം നേടിയിരിക്കുന്ന കമ്പനി. മാർസലസ് ഇൻവെസ്റ്റ്‌മെന്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മുഖർജിയുടെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നതും പേജ് ഇൻഡസ്ട്രീസ് തന്നെയാണ്.

42,834.50 കോടി രൂപയുടെ മാർക്കറ്റ് വാല്വേഷനുള്ള പേജ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ അടിവസ്ത്ര ബ്രാൻഡുകളിൽ ഒന്നാണ്. കഴിഞ്ഞ മൂന്ന് വർഷമായി പേജ് ഇൻഡസ്ട്രീസിന്റെ വാർഷിക റിട്ടേണിൽ 10.8% ന്റെ വർധനയായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് മഹാമാരിക്ക് പിന്നാലെ ബ്രാൻഡഡ് അടിവസ്ത്രങ്ങൾക്ക് ആവശ്യക്കാരേറിയതായിരുന്നു ഇതിന് കാരണം. കുറഞ്ഞ നിർമാണ ചെലവ് കൊണ്ട് തന്നെ കമ്പനിയുടെ മൊത്തം റിട്ടേൺ 16.1% ആയി ഉയർന്നു. എന്നാൽ മൂന്നാം പാദത്തോടെ കമ്പനിയുടെ വരുമാനത്തിൽ ഇടിവുണ്ടാവുകയും നാലാം പാദത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടാത്ത അവസ്ഥ വരികയും ചെയ്തു. 2024 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തോടെ മാത്രമേ കാര്യങ്ങൾ പഴയ അവസ്ഥയിലേക്ക് എത്തുകയുള്ളുവെന്നാണ് കണക്കുകൂട്ടൽ.

നേരത്തെ പറഞ്ഞത് പോലെ, അടിവസ്ത്ര വില്പനയാണ് ഭാവിയിൽ സാമ്പത്തിക രംഗം എങ്ങനെ മാറിമറിയും എന്നതിലേക്ക് വിരൽ ചൂണ്ടുന്നത്. നിലവിൽ സൊമാറ്റോ, നൈക്ക പോലുള്ള കമ്പനികളുടെ വിറ്റുവരവിൽ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതേ പോലെ തന്നെ ആകെ നഷ്ടവും ഉയർന്നിട്ടുണ്ട്. ഡിസംബർ 2022 ൽ സൊമാറ്റോയ്ക്കുണ്ടായ ആകെ നഷ്ടം 346.6 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 67 കോടി രൂപയായിരുന്നു. അടിവസ്ത്ര കമ്പനികളുടേത് പോലെ മറ്റ് കമ്പനികളുടെ വിറ്റുവരവിലും ഇടിവുണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here