‘മാപ്പില്ലാത്ത കുറ്റം’: മൗലാന ആസാദിന്‍റെ ചിത്രം ഒഴിവാക്കിയതിൽ ക്ഷമ ചോദിച്ച് കോൺഗ്രസ്

0
220

ഡല്‍ഹി: പ്ലീനറി സമ്മേളന പരസ്യത്തില്‍ നിന്ന് മൗലാന അബുൽ കലാം ആസാദിനെ ഒഴിവാക്കിയതിൽ ക്ഷമ ചോദിച്ച് കോൺഗ്രസ്. മാപ്പില്ലാത്ത കുറ്റമാണിതെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. മൗലാനാ അബുൽ കലാം ആസാദിന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പ്രതികരണം.

റായ്പൂരിലെ 85ആം പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് കോൺഗ്രസ് പുറത്തിറക്കിയ പരസ്യത്തെച്ചൊല്ലിയാണ് വിവാദം. ഇന്നലെ പത്രങ്ങളിൽ അടക്കം പ്രസിദ്ധീകരിച്ച പരസ്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ചിത്രമില്ലായിരുന്നു. ഗാന്ധിജിയും നെഹ്റുവും മുതൽ മുൻ പ്രധാനമന്ത്രി നരസിംഹറാവു വരെ ഇടംപിടിച്ച പരസ്യത്തിൽ നിന്നാണ് അബുൽ കലാം ആസാദിനെ ഒഴിവാക്കിയത്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ സജീവ പങ്കാളിയായിരുന്ന അദ്ദേഹം കോൺഗ്രസിന്‍റെ മുൻ അധ്യക്ഷനും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമാണ്.

കോൺഗ്രസിന്റെ ശക്തനായ നേതാവിനെ പരസ്യത്തിൽ നിന്ന് ഒഴിവാക്കിയതിൽ വലിയ വിമർശനം വിവിധ കോണുകളിൽ നിന്നുണ്ടായി. പ്ലീനറിക്കിടെയുണ്ടായ വിവാദങ്ങളിൽ കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. പിന്നാലെ വിശദീകരണവുമായി ജയറാം രമേശ് രംഗത്ത് വന്നു. സംഭവത്തിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. കോൺഗ്രസിന്റെ ഭാഗത്തു നിന്നുള്ള ഏറ്റവും ആത്മാർത്ഥമായ ക്ഷമാപണമാണിത്. മൗലാനാ ആസാദ് എന്നും കോൺഗ്രസിന്റെയും ഇന്ത്യയുടെയും പ്രതീകവും പ്രചോദനവുമായി തുടരുമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here