ഈ കാറിനും സുരക്ഷ കൂട്ടി, മാരുതിയുടെ പുതിയ നീക്കത്തില്‍ പാളുന്നത് എതിരാളികളുടെ സുരക്ഷ!

0
211

കൂടുതല്‍ സുരക്ഷയും പുതിയ ഡ്യുവൽ ടോൺ നിറങ്ങളുമായി പുതിയ സിയാസ് സെഡാനെ മാരുതി സുസുക്കി അവതരിപ്പിച്ചു. മികച്ച ആൽഫ വേരിയന്‍റിനെ അടിസ്ഥാനമാക്കി, 2023 മാരുതി സിയാസ് ഡ്യുവൽ ടോൺ മാനുവൽ വേരിയന്റിന് 11.15 ലക്ഷം രൂപയ്ക്കും ഓട്ടോമാറ്റിക് വേരിയന്റിന് 12.35 ലക്ഷം രൂപയ്ക്കും ലഭ്യമാണ്.

20ല്‍ അധികം സുരക്ഷാ ഫീച്ചറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന സിയാസില്‍ ഇപ്പോൾ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്പി) ഹിൽ ഹോൾഡ് അസിസ്റ്റും സ്റ്റാൻഡേർഡായി വരുന്നു. ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രം ഇഎസ്പിയും ഹിൽ-ഹോൾഡ് അസിസ്റ്റും സ്റ്റാൻഡേർഡായി ലഭിച്ച സിയാസാണ് ഇപ്പോൾ എല്ലാ വേരിയന്റുകളിലും ഇത് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ഒപ്പം ഡ്യുവൽ എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് തുടങ്ങിയവയും സെഡാനിലുണ്ട്.

മാരുതി സിയാസ് സെഡാൻ ഇപ്പോള്‍ ഏഴ് കളർ ഓപ്ഷനുകളും പേൾ മെറ്റാലിക് ഒപ്യുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള പേൾ മെറ്റാലിക് ഗ്രാൻഡിയർ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഡിഗ്നിറ്റി ബ്രൗൺ എന്നിങ്ങനെ മൂന്ന് പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ലഭ്യമാണ്. അടുത്തിടെ സ്വിഫ്റ്റ് കാറിലുടെ പുതിയ സുരക്ഷാ ഫീച്ചറുകള്‍ മാരുതി അവതരിപ്പിച്ചിരുന്നു. 2014-ൽ വിപണിയിലെത്തിയ സിയാസ് ഈ വിഭാഗത്തിലെ ഏറ്റവും പഴയ കാറുകളിലൊന്നാണ്. ഫോക്‌സ്‌വാഗൺ വിർടസ് , സ്കോഡ സ്ലാവിയ , ഹ്യുണ്ടായ് വെർണ , ഹോണ്ട സിറ്റി തുടങ്ങിയ പുതിയ കാറുകളോടാണ് ഇത് മത്സരിക്കുന്നത്.

മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ കെ15സി പെട്രോൾ എഞ്ചിനാണ് പുതിയ സിയാസിന് കരുത്തേകുന്നത്. ഈ എഞ്ചിന് 103 bhp കരുത്തും 138 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്പീഡ് മാനുവൽ, നാല്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

“മൂന്ന് പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും അധിക സുരക്ഷാ ഫീച്ചറുകളും ഉൾക്കൊള്ളുന്ന പുതിയ സിയാസ് അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സിയാസ് ഞങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ ഒരു പ്രിയപ്പെട്ട തിരഞ്ഞെടുപ്പാണ്. ” ഡ്യുവൽ-ടോൺ സിയാസ് അവതരിപ്പിച്ചുകൊണ്ട്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. വിപണിയിൽ എട്ട് വർഷം പൂർത്തിയാക്കി ശ്രദ്ധേയമായ വിജയം കൈവരിച്ചുവെന്നും അതിന്റെ പുതിയ പതിപ്പ് ഉപയോഗിച്ച്, പ്രീമിയം മിഡ്-സൈസ് സെഡാൻ വിഭാഗത്തിൽ കമ്പനിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here