മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു; കേസ് ഫയലുകള്‍ മജിസ്‌ട്രേറ്റിന് കൈമാറി

0
158

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസിന്റെ ഫയലുകളും രേഖകളും പരിശോധിച്ച് കൃത്യത വരുത്തിയ ശേഷം കഴിഞ്ഞ ദിവസം മജിസട്രേറ്റിന് കൈമാറി. 2023 ജനുവരി 10നാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ്‌കുമാര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് പ്രതികള്‍. ഇതില്‍ സുരേന്ദ്രന്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ കെ. സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ. സുന്ദര മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും സുരേന്ദ്രന്‍ നല്‍കിയെന്നായിരുന്നു സുന്ദരയുടെ ആരോപണം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്റെ വിജയത്തിന് തടസമായത് കെ. സുന്ദരയുടെ സാന്നിധ്യമായിരുന്നു. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ തോറ്റത്. സുന്ദര 467 വോട്ടുകള്‍ പിടിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here