തർക്കത്തിനിടെ കുത്തേറ്റ് സഹോദരൻ മരിച്ചു, കേസിൽ പ്രതി മലയാളി, 36 വർഷത്തിന് ശേഷം സുപ്രീംകോടതി തീർപ്പ്, ജയിൽമോചനം

0
222

ദില്ലി: നിലവിൽ ഛത്തീസ്‌ഗഢിലെ ദത്തേവാഡിൽ ( പഴയ മധ്യപ്രദേശിൽ) 1987 ലാണ് കേസ് ആസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതിയായ വിക്രമൻനായരും  കൊല്ലപ്പെട്ട സഹോദരൻ  വിജയകുമാറും ദത്തേവാഡിലെ ബൈക്കുന്തപൂരിലാണ് ജോലി ചെയ്തിരുന്നത്. 1987 സെപ്തംബർ 14 -ന് റാം നരേഷ് എന്ന വ്യക്തിയുടെ ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം നടക്കുന്നത്.  കടയിൽ എത്തിയ  ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇത് അടിപിടിയായി മാറുകയും ചായക്കടയിൽ ഇരുന്ന കത്രിക കൊണ്ട് വിജയകുമാറിനെ വിക്രമൻ നായർ കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

കേസിൽ ബൈക്കുന്തപൂർ കോടതി വിക്രമൻ നായർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നീട് ഹൈക്കോടതി ഇത് പത്തുവർഷം തടവാക്കി ചുരുക്കി. ഇതിനിടെ കേസിൽ അപ്പിലുമായി 2010 -ൽ സുപ്രീം കോടതിയിൽ എത്തിയ വിക്രമൻ നായർക്ക് 2013 -ൽ കോടതി ജാമ്യം നൽകി. വാക്ക് തർക്കത്തിനിടെ സഹോദരനായ വിജയകുമാർ തന്നെ മർദ്ദിച്ചെന്നും നെഞ്ചിൽ കയറിയിരുന്ന് വീണ്ടും മർദ്ദിച്ചുവെന്നും,  ഇത് തടയാനുള്ള ശ്രമത്തിൽ സ്വയ രക്ഷയ്ക്കായിട്ടാണ് കുത്തിയതെന്നും  അതിനാൽ ശിക്ഷയിൽ ഇളവ്  വേണമെന്നും കാട്ടിയാണ് വിക്രമൻ നായർ സുപ്രീം കോടതിയെ സമീപിച്ചത്.

2010 സുപ്രീം കോടതിയിൽ എത്തിയ കേസിൽ പിന്നീട് വിക്രൻ നായർക്ക് ജാമ്യം കിട്ടി, എന്നാൽ വാദം പലകുറി നീണ്ടു. ഒടുവിൽ  ഇന്ന് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ ഹർജി എത്തി. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള ചെറുത്ത് നിൽപ്പിനിടെയാണ് കുത്തിയതെന്നും കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയല്ല കൃത്യം നടത്തിയതെന്നും മുതിർന്ന അഭിഭാഷകൻ സന്തോഷ് പോൾ, അഭിഭാഷകരായ ബി രഘുനാഥ്, ശ്രീറാം പറക്കാട്ട്, എന്നിവർ വിക്രമൻ നായർക്കായി വാദിച്ചു.

എന്നാൽ കൊലപാതകം സ്വയം രക്ഷയുടെ പരിധിയിൽ വരില്ലെന്ന് ഛത്തീസ്ഢ് സർക്കാരിന് വേണ്ടി അഭിഭാഷകൻ ഗൌതം നാരായൺ പറഞ്ഞു. സുദീർഘമായ വാദത്തിനൊടുവിൽ  വിക്രമൻനായരുടെ വാദം ശരിവെച്ച സുപ്രീം കോടതി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ  കൊലക്കുറ്റം ഒഴിവാക്കി മനപൂർവ്വം അല്ലാത്ത നരഹത്യയാക്കി കുറച്ചു. കൂടാതെ  ഇതുവരെ അനുഭവിച്ച തടവ് ശിക്ഷ വിധിയാക്കി  വെട്ടിച്ചുരുക്കി വിക്രമൻ നായരെ ജയിൽ മോചിതനാക്കി.  സംഭവം നടന്ന മുപ്പത്തിയാറ് വർഷത്തിന് ശേഷമാണ് കേസിൽ തീർപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here