ഇൻസ്റ്റയിലൂടെ പ്രണയം, കാമുകനെ തേടി തമിഴ്നാട്ടിലെത്തിയ മലയാളി യുവതി ഞെട്ടി; 3 മാസം രഹസ്യവാസം;ഒടുവിൽ ട്വിസ്റ്റ്

0
414

ചെന്നൈ : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ചെറുപ്പക്കാരനെ തേടി തമിഴ്നാട് ദിണ്ടിഗൽ എത്തി കുടുങ്ങിയ യുവതിയെ കേരള പൊലീസ് തമിഴ്നാട്ടിൽ എത്തി രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശിയായ യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ദിണ്ടിഗൽ വേദസന്തൂരിൽ എത്തിയത്. വിവാഹിതയായ ഇവരുടെ ഭർത്താവ് വിദേശത്താണ്. സ്വകാര്യ സ്പിന്നിംഗ് മിൽ കമ്പനി മാനേജർ എന്ന് പരിചയപ്പെടുത്തിയ സമിത് എന്ന യുവാവിനെ തേടിയാണ് യുവതി ആരുമറിയാതെ വേദസന്തൂരിൽ എത്തുന്നത്. ഇരുവരും ഒന്നിച്ച് ജീവിക്കാൻ ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ തീരുമാനിച്ച ശേഷമാണ് കാമുകനെ തേടി പുറപ്പെട്ടത്. പക്ഷേ യുവതി ദിണ്ടിഗൽ വേദസന്തൂർ എത്തിയപ്പോഴാണ് ഇങ്ങനെയൊരാൾ അവിടെയില്ലെന്ന് വ്യക്തമായത്. ഇതോടെ നാട്ടിലേക്ക് തിരികെപ്പോകാനാകാതെ ഇവർ ദിണ്ടിഗലിൽ പെട്ടുപോയി.

പിന്നീട് ആരുമില്ലാത്തയാളാണെന്നും അഭയം തരണമെന്നും അപേക്ഷിച്ച് വേദസന്തൂരിനുള്ള ഒരു സ്ത്രീയുടെ വീട്ടിൽ അഭയം തേടി. താമസിയാതെ അവിടെയുള്ള ഒരു സ്പിന്നിംഗ് മില്ലിൽ തൊഴിലാളിയായി ജോലിക്ക് കയറുകയും ചെയ്തു. ഇതൊന്നുമറിയാത്ത വീട്ടുകാർ യുവതിയെ കാണാനില്ലെന്ന പരാതിയുമായി കേരള പൊലീസിനെ സമീപിച്ചിരുന്നു. കേരള പൊലീസ് ഇതിനിടെ ഇവരുടെ ഫോട്ടോയും വിവരങ്ങളും തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര പൊലീസ് സേനകൾക്ക് കൈമാറി. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വേദസന്തൂർ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വഴിത്തിരിവുണ്ടായത്.

യുവതിയെ അവിടെവച്ച് വേദസന്തൂർ ഡിഎസ്പി ദുർഗാദേവി കണ്ടു. കേരള പൊലീസിന്‍റെ ലുക് ഔട്ട് നോട്ടീസിലെ ചിത്രത്തിലെ യുവതിയാണിതെന്ന് തിരിച്ചറിഞ്ഞതോടെ ഈ പൊലീസ് ഓഫീസർ യുവതിയെ തടഞ്ഞുവച്ചു. തമിഴ്നാട് പൊലീസ് അറിയിച്ചതിനെ തുടർന്ന് കേരള പൊലീസ് വേദസന്തൂരിലെത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടുപോയി. ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി പ്രണയത്തിലായ യുവാവ് മലയാളിയാണ്. ദിണ്ടിഗലിൽ സ്പിന്നിംഗ് മിൽ മാനേജർ എന്ന് പരിചയപ്പെടുത്തിയ ഇയാൾ യഥാർത്ഥത്തിൽ കേരളത്തിൽ കെട്ടിട നിർമാണ തൊഴിലാളിയാണ്. ഭാര്യക്കും മക്കൾക്കുമൊപ്പം കേരളത്തിലാണ് ഇയാൾ താമസമെന്നും പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here