ഊണിനൊപ്പം നല്‍കിയ മീനിന് വലുപ്പമില്ല, ചാറും കുറഞ്ഞു; ഹോട്ടല്‍ ജീവനക്കാരെ കരിങ്കല്ലിന് ഇടിച്ചുവീഴ്ത്തി; ആറു കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

0
375

ഹോട്ടലില്‍ ഊണിന് നല്‍കിയ മീന്‍കഷണത്തിന് വലുപ്പമില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരെ കല്ലിനിടിച്ച് വീഴ്ത്തിയ ആറു യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ആറുപേരാണ് അക്രമം കാട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി.കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടിവിളവീട്ടില്‍ പ്രദീഷ് മോഹന്‍ദാസ് (35), കൊല്ലം നെടുപന കളയ്ക്കല്‍കിഴക്കേതില്‍ വീട്ടില്‍ എസ്.സഞ്ജു (23), കൊല്ലം നെടുപന മനുഭവന്‍ വീട്ടില്‍ മഹേഷ് ലാല്‍ (24), കൊല്ലം നെടുപന ശ്രീരാഗംവീട്ടില്‍ അഭിഷേക് (23), കൊല്ലം നല്ലിള മാവിള വീട്ടില്‍ അഭയ് രാജ് (23), കൊല്ലം നല്ലിള അതുല്‍മന്ദിരം വീട്ടില്‍ അമല്‍ ജെ.കുമാര്‍ (23) എന്നിവരെയാണ് പൊന്‍കുന്നം പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.രാജേഷ് അറസ്റ്റ് ചെയ്തത്.

പൊന്‍കുന്നം ഇളംകുളത്തുള്ള ഹോട്ടല്‍ ജീവനക്കാരന്‍ മധുകുമാറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മധുകുമാര്‍ സപ്ലയറായി ജോലി ചെയ്യുന്ന ഹോട്ടലില്‍ ഉച്ചയോടെ പ്രതികള്‍ ഭക്ഷണം കഴിച്ച് പുറത്തിറങ്ങി. പിന്നീട് തിരിച്ചെത്തി ഊണിന് കറിയായി നല്‍കിയ മീനിന്റെ വലുപ്പം കുറവാണെന്നും ചാറ് കുറഞ്ഞുപോയെന്നും പറഞ്ഞ് മധുകുമാറിനെ ചീത്ത വിളിക്കുകയും സംഘ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.

സംഘര്‍ഷത്തിനിടെ പ്രതികള്‍ ജീവനക്കാരനെ കരിങ്കല്ലുകൊണ്ട് ഇടിച്ചുവീഴ്ത്തി. സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെട്ട പ്രതികളെ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here