യു.എ.ഇയിൽ ഇത് വിസ നിയമങ്ങൾ മാറുന്ന കാലമാണ്. 2023 പിറന്നതിൽ പിന്നെ വിസ നിബന്ധനകളിൽ കാര്യമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതേകുറിച്ച് അറിവില്ലാത്തതിനാൽ പലരുടെയും യാത്ര മുടങ്ങുകയും പിഴ വീഴുകയും ചെയ്യുന്ന അവസ്ഥയുണ്ട്. യു.എ.ഇയിൽ അടുത്തിടെ വിസ നിയമത്തിൽ വന്ന പ്രധാന 10 മാറ്റങ്ങൾ നോക്കാം.
1.മൂന്ന് മാസത്തെ സന്ദർശക വിസ നിർത്തലാക്കി. വിദ്യാർഥികൾ അടക്കമുള്ളവർക്ക് കടുത്ത നിബന്ധനകളോടെ മൂന്ന് മാസത്തെ വിസ നൽകുന്നുണ്ടെങ്കിലും ഭൂരിപക്ഷം പ്രവാസികൾക്കും ഇത് ഉപകാരപ്പെടില്ല. ഇതോടെ, രണ്ട് മാസത്തെ വിസയാണ് പ്രവാസികളുടെ ആശ്രയം.
2.രാജ്യത്തിനുള്ളിൽ നിന്നുകൊണ്ടു തന്നെ വിസ മാറാനുള്ള സൗകര്യം ഒഴിവാക്കി. ഇതോടെ പ്രവാസികൾക്ക് ഒമാനിലോ മറ്റ് രാജ്യങ്ങളിലോ പോയി പുതിയ വിസയുമായി തിരിച്ചെത്തേണ്ട അവസ്ഥയായി. കൂടുതൽ ആളുകളും ഒമാനിലേക്കാണ് പോകുന്നത്. നാട്ടിൽ പോയി പുതിയ വിസയുമായി മടങ്ങിയെത്തുന്നവരും കുറവല്ല.
3.ഫ്രീസോണുകളിൽ ഇഷ്യൂ ചെയ്യുന്ന വിസകളുടെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ടായി കുറച്ചു. നേരത്തെ മെയിൻലാൻഡുകളിൽ രണ്ട് വർഷവും ഫ്രീ സോണുകളിൽ മൂന്ന് വർഷവുമായിരുന്നു വിസ കാലാവധി. ഇപ്പോൾ ഇത് രാജ്യത്ത് എല്ലായിടത്തും രണ്ട് വർഷമായി ഏകീകരിച്ചു.
4.സന്ദർശക വിസയുടെ പിഴ ഒരു ദിവസം 100 ദിർഹം എന്നതിൽ നിന്ന് 50 ദിർഹമായി കുറച്ചു. എന്നാൽ, റെസിഡന്റ് വിസക്കാരുടെ പിഴ ദിവസം 25 ദിർഹം എന്നതിൽ നിന്ന് 50 ദിർഹമായി ഉയർത്തി. ഇതോടെ, വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന ഏത് വിസക്കാരും ദിവസം 50 ദിർഹം എന്ന നിലയിൽ പിഴ അടക്കണം.
5.വിസ, എമിറേറ്റ്സ് ഐ.ഡി ഉൾപെടെയുള്ള സേവനങ്ങളുടെ ഫീസ് 100 ദിർഹം വീതം വർധിപ്പിച്ചു. ഇതോടെ, വിസയെടുക്കലിന്റെ ചെലവ് കൂടി.
6.വിസാ കാലാവധി കഴിഞ്ഞ ശേഷം യു.എ.ഇയിൽ നിന്ന് പുറത്തുകടക്കാനുള്ള ഗ്രേസ് പിരീഡ് വർധിപ്പിച്ചു. മിക്ക കേസുകളിലും ഗ്രേസ് പിരീഡ് 60 മുതൽ 180 ദിവസം വരെയായി വർധിപ്പിച്ചു.
7.സന്ദർശക വിസ എടുത്ത ശേഷം യാത്ര ചെയ്യുകയോ വിസ റദ്ധാക്കുകയോ ചെയ്തില്ലെങ്കിൽ വീണ്ടും വിസയെടുക്കാൻ കഴിയില്ല. ഇത്തരക്കാർ വീണ്ടും വിസയെടുക്കണമെങ്കിൽ 200-300 ദിർഹം അടച്ച് പഴയ വിസ റദ്ധാക്കണം. നേരത്തെ സന്ദർശക വിസ തനിയെ റദ്ധാകുമായിരുന്നു. എന്നാൽ, ഇത് നിർത്തലാക്കി. നിശ്ചിത സമയത്ത് രാജ്യത്ത് എത്താൻ പറ്റാത്തവർക്ക് 200 ദിർഹം നൽകി വിസ കാലാവധി നീട്ടാനും അവസരമുണ്ട്.
8.ആറ് മാസത്തിലേറെയായി വിദേശത്ത് താമസിക്കുന്നവർക്ക് റീ-എൻട്രി പെർമിറ്റ് സംവിധാനം കൊണ്ടു വന്നു. ഇത്തരക്കാർ കാരണം വ്യക്തമാക്കി റീഎൻട്രി പെർമിറ്റിന് അപേക്ഷിക്കണം. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, അംഗീകാര തീയതി മുതൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണം.
9.പാസ്പോർട്ടിലെ വിസ സ്റ്റാമ്പിങ് നിർത്തലാക്കി. പകരമായി എമിറേറ്റ്സ് ഐ.ഡി റെസിഡൻസി രേഖകളായി ഔദ്യോഗികമായി പരിഗണിച്ചു തുടങ്ങി.
10.കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനുള്ള നിയമങ്ങൾ ലഘൂകരിച്ചു. ആൺകുട്ടികൾക്ക് 25 വയസ്സ് തികയുന്നത് വരെയും അവിവാഹിതരായ പെൺമക്കളെ പ്രായപരിധിയില്ലാതെയും സ്പോൺസർ ചെയ്യാം. ഗോൾഡൻ വിസ ഉടമകൾക്ക് 10 വർഷത്തെ വിസയിൽ മാതാപിതാക്കളെയും സ്പോൺസർ ചെയ്യാം.