വാടകവീടിന് ഡെപ്പോസിറ്റ് നൽകണം, ഇടത് കിഡ്നി വിൽക്കാനുണ്ട് എന്ന് പരസ്യം!

0
171

ബം​ഗളൂരുവിൽ വാടകവീട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ പ്രതിസന്ധികളും ആളുകൾ പങ്ക് വയ്ക്കാറുണ്ട്. ടെക്ക് മേഖലയിൽ അതിവേ​ഗം വളരുന്ന ഒരു ന​ഗരമെന്ന തരത്തിൽ തന്നെ അനേകം ആളുകളാണ് ബം​ഗളൂരു ന​ഗരത്തിലേക്ക് എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ വാടക വീടുകൾക്കും ആവശ്യക്കാരേറെ. അതോടെ, പലരും വീട്ട് വാടക ഉയർത്തിയിട്ടുമുണ്ട്. അങ്ങനെ വാടകയും ഡെപ്പോസിറ്റ് തുകയും ഉയർത്തിയതോടെ പലർക്കും നല്ലൊരു വീട് വാടകയ്ക്ക് എടുക്കാൻ കഴിയാതെ വരുന്ന സാഹചര്യവും ഉണ്ടായി.

പല കുടുംബങ്ങളും ബാച്ചിലേഴ്സും വീട് കിട്ടാതെ കഷ്ടപ്പെടുകയാണ്. ഇങ്ങനെ വല്ലാതെ വാടക കൂട്ടുന്നതും ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നതും നിയന്ത്രിക്കണം എന്ന ആവശ്യവും ഏറി വരുന്നു. ഏതായാലും ഇപ്പോൾ വാടക വീടിന് ഡെപ്പോസിറ്റ് നൽകാൻ ഒരു കിഡ്നി വിൽക്കാനുണ്ട് എന്ന പരസ്യമാണ് വൈറലാവുന്നത്. രസകരമായ ഈ പരസ്യത്തിൽ വീട്ടുടമകൾക്ക് ഡെപ്പോസിറ്റ് തുക നൽകുന്നതിനായി ഇടത് കിഡ്നി വിൽക്കാനുണ്ട് എന്നാണ് പറയുന്നത്.

രമ്യാഖ് എന്ന ട്വിറ്റർ യൂസറാണ് ഈ രസകരമായ പരസ്യത്തിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും താൻ ഇത് തമാശയ്ക്ക് പറഞ്ഞതാണ് എന്ന് പരസ്യം വച്ചിരിക്കുന്ന ആൾ അതിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഇന്ദിരാ ന​ഗർ പരിസരത്ത് തനിക്ക് ഒരു വീട് വേണം എന്നും അതിൽ പറയുന്നു. പ്രൊഫൈലിന് വേണ്ടി കോഡ് സ്കാൻ ചെയ്താൽ മതി എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

അതേ സമയം നിരവധിപ്പേരാണ് രസകരമായ അനേകം കമന്റുകൾ ട്വിറ്ററിലെ ചിത്രത്തിന് നൽകിയിരിക്കുന്നത്. അതുപോലെ ബം​ഗളൂരുവിലെ കുതിക്കുന്ന വീട്ടു വാടകയെ കുറിച്ചും ഡെപ്പോസിറ്റിനെ കുറിച്ചും ചർച്ച ചെയ്യാൻ ഇത് കാരണമാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here