വിലക്കയറ്റത്തിലേക്ക് തള്ളി നികുതിക്കൊള്ള; പിരിച്ചെടുക്കുന്നത് 3,000 കോടി രൂപയോളം

0
182

തിരുവനന്തപുരം∙ ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം ബജറ്റ്. ചില മേഖലകളിൽ നികുതി വർധ ഉണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇന്ധന സെസ് അടക്കം ജനങ്ങളെ സാരമായി ബാധിക്കുന്ന വലിയ വർധനയിലേക്ക് കടന്നത് അപ്രതീക്ഷിത നീക്കമായി. കഴിഞ്ഞ 20 വർഷത്തിനിടെ നികുതി പരിഷ്കരണത്തിലൂടെ ഇത്രയും വലിയ വിഭവ സമാഹരണത്തിന് സംസ്ഥാന സർക്കാർ തുനിഞ്ഞിട്ടില്ല. 3,000 കോടി രൂപയ്ക്കടുത്തുള്ള തുകയാണ് നികുതി വർധനയിലൂടെ സർക്കാർ അധികമായി പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ബജറ്റ് സാധാരണക്കാരെ സഹായിക്കുന്നതല്ലെന്ന വിമർശനം സംസ്ഥാന ബജറ്റിലേക്കും നീളുകയാണ്. തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ചത് അടക്കമുള്ള നിർദേശങ്ങളാണ് സാധാരണക്കാരെ ബാധിക്കുന്നതായി കേന്ദ്ര ബജറ്റിൽ ഉണ്ടായിരുന്നതെങ്കിൽ വലിയ നികുതി ഭാരമാണ് സംസ്ഥാന ബജറ്റിലൂടെ ജനങ്ങളിലേക്ക് എത്തുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷ പാഴായി.

അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം കണ്ടെത്തുന്നതിനാണ് നികുതി നിർദേശങ്ങളെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തുന്നതോടെ ജനങ്ങളുടെ നിത്യജീവിതത്തിൽ അഭിവാജ്യമായ മിക്ക മേഖലകളിലും വില വർധിക്കും. ഇന്ധന വർധനവിനെ തുടർന്ന് ഇപ്പോൾത്തന്നെ ജനം പൊറുതി മുട്ടുമ്പോഴാണ് സംസ്ഥാനം സെസ് ഏർപ്പെടുത്തുന്നത്. പെട്രോളിനും ഡീസലിനും കിഫ്ബിയിലേക്ക് ഇപ്പോൾ ഒരു രൂപ സെസ് പിരിക്കുന്നുണ്ട്. 10 ലീറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ 10 രൂപ കിഫ്ബിയിലേക്ക് പോകും. ഇതിനു പുറമേയാണ് നിലവിലെ സാമൂഹ്യ സുരക്ഷാ സെസ്.

മദ്യത്തിന് അടുത്തിടെ നികുതി വർധിപ്പിച്ചിരുന്നു. 10 രൂപ മുതൽ 20 രൂപവരെയാണ് വർധിച്ചത്. വിൽപ്പന നികുതി 4% വർധിപ്പിച്ചതോടെയാണ് വില കൂടിയത്. 247 ശതമാനമായിരുന്ന പൊതുവിൽപ്പന നികുതി 251 ശതമാനമായി വർധിച്ചു. ഇതിനു പുറമേയാണ് പുതിയ വർധന. വിലകൂടിയ മദ്യത്തിനാണ് വില വർധിക്കുന്നത്. 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും വില വർധിക്കും.

പുതിയ വാഹനങ്ങൾക്കുള്ള ഒറ്റത്തവണ സെസിലൂടെ വലിയ രീതിയിലുള്ള വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നുണ്ട്. ഭൂമിയുടെ ന്യായവില 20% വര്‍ദ്ധിപ്പിച്ചു. ഇത് അപ്രതീക്ഷിതമായിരുന്നില്ല. കഴിഞ്ഞ ബജറ്റിൽ ഭൂമിയുടെ ന്യായവില 10 ശതമാനമാണ് വർധിപ്പിച്ചത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറവ് വരുത്തിയിരുന്ന ഫ്ളാറ്റുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയുടെ മുദ്രവില 5% ല്‍ നിന്നും 7% ആക്കി. കഴിഞ്ഞ ആറുവർഷത്തിനിടയിൽ ഏറ്റവും ഉയർന്ന അധിക നികുതിയാണ് ജനങ്ങളിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്.

ഓരോ സാമ്പത്തിക വർഷവും ചുമത്തിയ അധിക നികുതി: (സാമ്പത്തിക വർഷം, കോടി)

2016-17 – 805 കോടി
2017-18 – 0
2018-19 – 970.40 കോടി
2019-20 – 1785 കോടി
2020-21 – 1103 കോടി
2021-22 – 200 കോടി
2022-23 – 602 കോടി
2023-24 – 2955 കോടി

കേന്ദ്ര സർക്കാരിന്റെ നയങ്ങളും നികുതി വർധനവിനു കാരണമായെന്ന് സർക്കാർ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരം നിലച്ചതും സംസ്ഥാനത്തിനു തിരിച്ചടിയായി. നികുതി വർധനയിലൂടെ വിഭവ സമാഹരണം നടത്തിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാകില്ലെന്ന് അധികൃതർ പറയുന്നു. എന്നാൽ, പിരിച്ചെടുക്കാനുള്ള നികുതി മേഖലകളെക്കുറിച്ചും ഫലപ്രദമായ ചെലവു ചുരുക്കലിനെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here