‘ഇന്‍സ്റ്റഗ്രാമിലെ പരിചയത്തില്‍ തുടക്കം, മൂന്നു വര്‍ഷമായി രംഗത്ത്’ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ പത്തു പേര്‍ക്കെതിരെ കേസ്

0
195

കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഉത്തരേന്ത്യന്‍ സ്വദേശി വഴിയാണ് ലഹരി കൊടുത്തു വിടുന്നതെന്നും പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഇന്നലെ വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയിരുന്നു. 25 പേര് അടങ്ങുന്നതാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ്.

ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി സംഘത്തെ പരിചയപ്പെട്ടത്. ആദ്യം അവര്‍ സൗജന്യമായി തന്നു. പിന്നീട് കാരിയറാകുമോ ചോദിച്ചു. ലഹരി വാങ്ങാന്‍ പൈസയില്ലാഞ്ഞതു കൊണ്ട് ആകാമെന്ന് പറഞ്ഞു. സ്‌കൂളില്‍ നിന്ന് പഠിച്ചു പോയ ആള്‍ക്കാര്‍ക്കായിരുന്നു വിതരണം. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു കുട്ടികളും ലഹരി ഉപയോഗിക്കുന്നുണ്ട്. സ്‌കൂള്‍ വിട്ട ശേഷം താഴത്തു വച്ചാണ് അവരെ കാണുന്നത്. സംഘം കൈമാറുന്ന ഫോട്ടോ വഴിയാണ് ആളുകളെ തിരിച്ചറിയുന്നത്. ഇപ്പോള്‍ മൂന്നു വര്‍ഷമായി.’ കുട്ടി പറയുന്നു.

വടകര അഴിയൂരിലെ പ്രമുഖ സ്‌കൂളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ ലഹരി കാരിയറാക്കിയത്. കബഡി കളിക്കിടെ നിരഞ്ജന എന്ന് പേരുളള ഒരു പെണ്‍കുട്ടി നല്‍കിയ ബിസ്‌കറ്റിലൂടെയായിരുന്നു ലഹരിയുടെ കെണിയിലേക്കുളള പതനം. പിന്നീട് അദ്‌നാന്‍ എന്ന യുവാവുമെത്തി. ബിസ്‌കറ്റില്‍ തുടങ്ങി, പിന്നീട് പൊടിരൂപത്തില്‍ മൂക്കില്‍ വലിപ്പിച്ചു, കൂടുതല്‍ ശ്രദ്ധയും ഉന്മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈത്തണ്ടയില്‍ ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തില്‍ എത്തിച്ചു.

ഒടുവില്‍ എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണിയിലായതോടെ താന്‍ ഉള്‍പ്പടെയുള്ള മൂന്ന് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ ലഹരി കൈമാറാനായി തലശേരിയില്‍ പോയെന്നാണ് പെണ്‍കുട്ടി നേരത്തെ വെളിപ്പെടുത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ സ്‌കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയെന്നും ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും 13 കാരി വെളിപ്പെടുത്തിയിരുന്നു.

ലഹരി ഉപയോഗത്തിനായി കൈയില്‍ വരച്ചതോടെയാണ് കുട്ടി പിടിക്കപ്പെട്ടത്. ബ്രേക്കപ്പായതു കൊണ്ട് കൈയില്‍ വരച്ചു എന്നാണ് എല്ലാവരോടും പറഞ്ഞത് എന്നാല്‍ എല്ലാവരും പിന്തുടര്‍ന്ന് കണ്ടുപിടിക്കുകയായിരുന്നു. ഇതോടെയായിരുന്നു വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here