2007 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച ‘സര്‍പ്രൈസ് ഹീറോ’ ജൊഗീന്ദര്‍ ശര്‍മ്മ വിരമിച്ചു

0
173

ദില്ലി: 2007ലെ ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഹീറോയായിരുന്ന മീഡിയം പേസര്‍ ജൊഗീന്ദര്‍ ശര്‍മ്മ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്‍റെ ഫൈനലില്‍ പാകിസ്ഥാനെ ടീം ഇന്ത്യ അഞ്ച് റണ്‍സിന് തോല്‍പിച്ചപ്പോള്‍ ജൊഗീന്ദര്‍ ശര്‍മ്മയായിരുന്നു വിജയശില്‍പി. മിസ്‌ബാ ഉള്‍ ഹഖും മുഹമ്മദ് ആസിഫും ക്രീസില്‍ നില്‍ക്കേ അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ താരം മിസ്‌ബായെ ഷോര്‍ട് ഫൈന്‍ ലെഗില്‍ മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തിന്‍റെ കൈകളില്‍ എത്തിച്ച് ഇന്ത്യക്ക് കിരീടം സമ്മാനിക്കുകയായിരുന്നു.

ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ജൊഗീന്ദര്‍ ശര്‍മ്മ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 2002 മുതല്‍ 2017 വരെയുള്ള ക്രിക്കറ്റ് യാത്ര അവിസ്‌മരണീയമായിരുന്നു. ഇന്ത്യ ഏറ്റവും ഉയര്‍ന്ന തലത്തില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നതായും അദേഹം കുറിച്ചു. അവസരങ്ങള്‍ തന്നതിന് ബിസിസിഐക്കും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഹരിയാന സര്‍ക്കാരിനും ജൊഗീന്ദര്‍ നന്ദിയറിയിച്ചു. മുപ്പത്തിയൊമ്പതുകാരനായ ജൊഗീന്ദര്‍ ശര്‍മ്മ നിലവില്‍ ഹരിയാന പൊലീസിലെ ഡിവൈഎസ്‌പിയാണ്.

റോത്തക്കില്‍ നിന്നുള്ള ജൊഗീന്ദര്‍ ശര്‍മ്മ ഹരിയാനക്കായാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത്. ചിറ്റഗോങ്ങില്‍ 2004ല്‍ ബംഗ്ലാദേശിനെതിരെ ഏകദിനത്തിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച താരം നാല് വീതം ഏകദിനങ്ങളും ട്വന്‍റി 20 മത്സരങ്ങളും ടീം ഇന്ത്യക്കായി കളിച്ചു. അഞ്ച് വിക്കറ്റുകളാണ് സമ്പാദ്യം. 2007 ലോകകപ്പ് ഫൈനലാണ് അവസാന രാജ്യാന്തര മത്സരം. ഐപിഎല്ലിന്‍റെ ആദ്യ നാല് സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ താരമായിരുന്നു. 16 മത്സരങ്ങളില്‍ 12 വിക്കറ്റ് വീഴ്ത്തി. ഫസ്റ്റ് ക്ലാസില്‍ 77 ഉം 80 ലിസ്റ്റ് എ മത്സരങ്ങളും 43 ആഭ്യന്തര ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ ഹരിയാനക്കായി 2017ലായിരുന്നു അവസാനമായി മത്സര ക്രിക്കറ്റില്‍ കളിച്ചത്. 2022ല്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമായിരുന്നു താരം.

LEAVE A REPLY

Please enter your comment!
Please enter your name here