‘മോദിയുടെയും മോഹൻ ഭാ​ഗവതിന്റെയും പോലെ ഇന്ത്യ എന്റേയും വീട്’; ഇസ്ലാം പുറത്തുനിന്നുള്ള മതമല്ലെന്ന് മഹമൂദ് മദനി

0
192

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്എസ് തലവൻ മോഹൻ ഭാ​ഗവതിന്റേതുമെന്ന പോലെ ഇന്ത്യ തന്റെയും വീടാണെന്ന് ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദ് (മദനി വിഭാഗം) പ്രസിഡന്റ് മഹമൂദ് മദനി. ദില്ലിയിൽ നടന്ന വാർഷിക പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയുടെയും മതപരമായ മുൻവിധികളുടെയും പ്രശ്‌നങ്ങളും അദ്ദേഹം സൂചിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെയും പോലെ ഇന്ത്യ തന്റെയും വീടാണ്. ഇന്ത്യ നമ്മുടെ രാജ്യമാണ്. ഈ രാജ്യം നരേന്ദ്രമോദിയുടെയും മോഹൻ ഭാഗവതിന്റെയും സ്വന്തമെന്ന പോലെ, മഹമൂദിന്റെയും സ്വന്തമാണ്. മഹ്മൂദ് അവരെക്കാൾ ഒരിഞ്ച് മുന്നിലല്ല. അവർ മഹ്മൂദിനെക്കാൾ ഒരിഞ്ച് മുന്നിലുമല്ല. ഇസ്‌ലാമിന്റെ ആദ്യ പ്രവാചകൻ ആദം ഇവിടെയാണ് ഇറങ്ങിയത്. ഈ ഭൂമി ഇസ്‌ലാമിന്റെ ജന്മസ്ഥലവും മുസ്‌ലിംകളുടെ ജന്മഭൂമിയുമാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാം പുറത്തുനിന്ന് വന്ന മതമാണെന്ന് പറയുന്നത് ചരിത്രപരമായി അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രധാന മതങ്ങളിലൊന്നാണ് ഇസ്ലാം. ഇന്ത്യയിൽ ആവിർഭവിച്ച മതത്തിന്റെ അവസാന പ്രവാചകനാണ് മുഹമ്മദ്. ഇന്ത്യയിൽ ജനിച്ച മതം പൂർത്തീകരിക്കാൻ വന്നതാണ് മുഹമ്മത്. ഇവിടത്തെ മുസ്ലീങ്ങൾക്ക് ഇന്ത്യയാണ് ഏറ്റവും നല്ല സ്ഥലമെന്ന് പറയുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. നമ്മൾ താമസിക്കുന്ന സ്ഥലം, അതെത്ര തന്നെ ജീർണ്ണിച്ചാലും മനോഹരമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം പൗരന്മാർ വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മുസ്ലീം സമുദായത്തിൽ വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും രജിസ്ട്രേഷൻ സജീവമാക്കാനും ജില്ലാ-സംസ്ഥാന സെല്ലുകൾക്ക് നിർദ്ദേശം നൽകി.

ഏത് ജനാധിപത്യ സമൂഹത്തിലും വോട്ടിന്റെ ശക്തി തിരിച്ചറിയണമെന്നും ഒരു വോട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു സർക്കാർ രൂപീകരിക്കുകയും മറ്റൊരു സർക്കാർ വീഴുകയും ചെയ്ത സംഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളിലെ സർക്കാർ ഇടപെടൽ ഉടൻ നിർത്തണമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം മതപരമായ ക്ലാസുകൾക്ക് പുറമെ ആധുനിക വിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്താൻ രാജ്യത്തുടനീളമുള്ള മദ്രസകളോട് അഭ്യർത്ഥിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here