നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനം അഞ്ച് വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ തന്‍റെ പേരിലാക്കിയപ്പോള്‍ വിവാദം. മത്സരത്തിനിടെ ജഡേജ വിരലില്‍ കൃത്രിമം നടത്തിയതായാണ് ട്വിറ്ററില്‍ പലരും വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിക്കുന്നത്. സഹതാരം മുഹമ്മദ് സിറാജ് എന്തോ കൈമാറുന്നതും ജഡേജ അതുപയോഗിച്ച് വിരലില്‍ ഉരയ്ക്കുന്നതും കാണാം എന്നാണ് ഒരുപറ്റം ആരാധകരുടെ വാദം. എന്നാല്‍ വിരലിലല്ല, പന്തിലാണ് ജഡേജ എന്തോ ചെയ്യുന്നത് എന്ന് വാദിക്കുന്ന ആരാധകരുമുണ്ട്. എന്നാല്‍ ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല. ആരോപണത്തില്‍ ഇന്ത്യന്‍ ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിവാദ വീഡിയോ വൈറലായതോടെ പ്രതികരണവുമായി ഓസീസ് ടെസ്റ്റ് ടീം മുന്‍ നായകന്‍ ടിം പെയ്‌ന്‍ രംഗത്തെത്തിയിട്ടുണ്ട്. ‘Interesting’ എന്ന ഒറ്റ വാക്കോടെയാണ് ടിം പെയ്‌ന്‍റെ കമന്‍റ്.
Interesting
— Tim Paine (@tdpaine36) February 9, 2023
Post this Johns… Jadeja doing ball tampering pic.twitter.com/T937CP6SLQ
— ♠️ (@Sourabh_49) February 9, 2023
നാഗ്‌പൂരില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 63.5 ഓവറില്‍ 22 ഓവറും എറിഞ്ഞ ജഡേജ 47 മാത്രം റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കരസ്ഥമാക്കിയിരുന്നു. വമ്പന്‍മാരായ മാര്‍നസ് ലബുഷെയ്‌നെയും സ്റ്റീവ് സ്‌മിത്തിനേയും കൂടാതെ മാറ്റ് റെന്‍ഷോ, പീറ്റന്‍ ഹാന്‍ഡ്‌സ്കോമ്പ്, ടോഡ് മര്‍ഫി എന്നിവരെയും ജഡ്ഡു പുറത്താക്കി. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷമുള്ള മടങ്ങിവരവിലാണ് ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനം. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഡ്ഡു ഇന്ത്യന്‍ കുപ്പായമണിയുന്നത്. ഓസീസിന് എതിരെ ഇറങ്ങും മുമ്പ് രഞ്ജി ട്രോഫിയില്‍ ഒരിന്നിംഗ്‌സിലെ ഏഴ് അടക്കം മത്സരത്തില്‍ എട്ട് വിക്കറ്റുമായി ജഡേജ തിളങ്ങിയിരുന്നു. ആ മികവ് താരം തുടരുകയായിരുന്നു നാഗ്‌പൂരില്‍ ഓസീസിനെതിരെ.