മുസ്‌ലിം ലീഗ് ജില്ലാ പ്രതിനിധി സമ്മേളനവും കൗൺസിലും വെള്ളിയാഴ്ച തുടങ്ങും

0
241

കാസർകോട് : മുസ്‌ലിം ലീഗ് അംഗത്വ പ്രചാരണത്തിന്റെ ഭാഗമായുള്ള ജില്ലാ പ്രതിനിധി സമ്മേളനവും അനുബന്ധ പരിപാടികളും 17 മുതൽ 22 വരെ നടത്താൻ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

വെള്ളിയാഴ്ച പതാക ദിനത്തിൽ മുഴുവൻ വാർഡുകളിലും പതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ടിന് നഗരസഭാ കോൺഫറൻസ് ഹാൾ പരിസരത്ത് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി പതാക ഉയർത്തും. 2.30-ന് കോൺഫറൻസ് ഹാളിൽ നടക്കുന്ന വനിതാ സംഗമത്തിൽ ജില്ലാ കമ്മിറ്റി രൂപവത്കരിക്കും.

ശനിയാഴ്ച രാവിലെ പത്തിന് ടി.എ. ഇബ്രാഹിം സ്മാരക മന്ദിരത്തിൽ ജില്ലാ പ്രവർത്തകസമിതി യോഗം ചേരും. 19-ന് രാവിലെ പത്തിന് കാസർകോട് നഗരസഭാ കോൺഫറൻസ് ഹാളിൽ യുവജന വിദ്യാർഥി സംഗമവും ഉച്ചയ്ക്ക് രണ്ടിന് തൊഴിലാളി സംഗമവും നടക്കും. 21-ന് രാവിലെ പത്തിന് നഗരസഭാ കോൺഫറൻസ് ഹാളിൽ ടി.ഇ. അബ്ദുള്ള അനുസ്മരണ സമ്മേളനവും ഉച്ചക്ക് 12-ന് നിലവിലുള്ള ജില്ലാ കൗൺസിലിന്റെ സമാപന പ്രതിനിധിസമ്മേളനവും നടത്തും.

മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. 22-ന് ടൗൺഹാളിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ ജില്ലാ ഭാരവാഹികളെയും കമ്മിറ്റിയെയും തിരഞ്ഞെടുക്കും. സി.പി. ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം എം.എൽ.എ., അഡ്വ. മുഹമ്മദ് ഷാ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കും.

യോഗത്തിൽ ജില്ലാ പ്രസിഡന്റിന്റെ ചുമതലയുള്ള വി.കെ.പി. ഹമീദലി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്‌മാൻ, സി.ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷ്‌റഫ് എം.എൽ.എ., കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, വി.കെ. ബാവ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള എന്നിവർ സംസാരിച്ചു.

ഭാരവാഹി തിരഞ്ഞെടുപ്പിൽ സമവായത്തിന് സംസ്ഥാന നേതൃത്വം

കാസർകോട് : മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം ഇടപെടും. 22-നാണ് പുതിയ ജില്ലാ കൗൺസിൽ യോഗം. 21-ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ ഉയർന്നുവരാനുള്ള സാധ്യതയുണ്ട്. അതിനാൽ നേതാക്കളുമായി ചർച്ചചെയ്ത് സമാവയത്തിനുള്ള നീക്കം നടത്തിയാകും കുഞ്ഞാലിക്കുട്ടി മടങ്ങുക.

പ്രശ്നങ്ങളൊന്നുമില്ലാതെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുണ്ടാകുമെന്നാണ് സൂചന.

പുതിയ അംഗത്വ കണക്കനുസരിച്ച് 490 അംഗ ജില്ലാ കൗൺസിലാണുള്ളത്. പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരെ ആദ്യം തിരഞ്ഞെടുക്കും. തുടർന്ന് അഞ്ച് വീതം സെക്രട്ടറിമാർ, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തും. ഐകകണ്ഠ്യേന ഭാരവാഹികളെ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് നിലവിലുള്ള ജില്ലാ കമ്മിറ്റിയുടെ പ്രതീക്ഷ.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്കിടയിൽ ഭാരവാഹികളിൽ മാറ്റമുണ്ടാകണമെന്ന അഭിപ്രായവും ഉരുത്തിരിയുന്നുണ്ട്. അത് മത്സരസാധ്യത തുറന്നിടുന്നു. നിലവിലെ ജനറൽ സെക്രട്ടറിയും എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റുമായ എ. അബ്ദുറഹ്‌മാനെ പ്രസിഡന്റായും എ.ജി.സി. ബഷീറിനെ ജനറൽ സെക്രട്ടറിയും ജില്ലാ കൗൺസിലിലുള്ള ഒരുവിഭാഗം നിർദേശിക്കുന്നുണ്ട്. നിലവിലെ ട്രഷറർ കല്ലട്ര മാഹിൻ ഹാജി തത്‌സ്ഥാനത്ത് തുടരണമെന്നുള്ള നിർദേശവും അവർ മുന്നോട്ടുവെക്കുന്നു.

അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് മാഹിൻ ഹാജിയെ അനുകൂലിക്കുന്ന വിഭാഗം അരങ്ങൊരുക്കുന്നുണ്ട്. ജില്ലാ ഉപ ഭാരവാഹിയായ പി.എം. മുനീർ ഹാജിയുടെ പേര് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും അവർ നിർദേശിക്കുന്നു. ജില്ലാ കമ്മിറ്റിയിലും ഉപ ഭാരവാഹികളിലും യുവജനങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാകണമെന്നും അഭിപ്രായമുണ്ട്. ലീഗ് അംഗത്വത്തിലേക്ക് പുതുതായി വന്ന 44,485 പേരിൽ 60 ശതമാനവുംയുവജനങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here